
കൊച്ചി: നിയമസഭ തരിഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമായി സപ്ലൈകോ. ഏപ്രിൽ 9ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പ്രമേയമാക്കി സപ്ലൈകോ പരസ്യം പങ്കുവെച്ചിരിക്കുന്നത്. 'വോട്ടു ചെയ്യൂ , പുട്ടടിക്കൂ എന്നാണ് കാപ്ഷനോടെയാണ് പരസ്യം. വോട്ടു ചെയ്തവർക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളാണ് സപ്ലൈകോ നൽകുന്നത്.
'ഏപ്രിൽ 10, 11 തീയതികളിൽ സപ്ളൈകോ വില്പനശാലകൾ സന്ദർശിക്കൂ. വോട്ടു ചെയ്തവർക്ക് പ്രത്യേക അഭിനന്ദന സമ്മാനങ്ങളുമായി സപ്ളൈകോ കാത്തിരിക്കുന്നു.' എന്നാണ് പരസ്യം പറയുന്നത്.
വോട്ടു ചെയ്തവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സമ്മാനം. എന്നാൽ വോട്ട് ചെയ്ത എല്ലാവർക്കും ഈ ഓഫർ ലഭിക്കില്ല. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന, തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, ഉപഭോക്താക്കൾക്ക് മാത്രമാണ് സമ്മാനത്തിനർഹത. വിരലിൽ മഷിയടയാളം നിർബന്ധമാണ് പരസ്യം പറയുന്നു.
സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ ഇന്ന് തുടങ്ങും. ഇന്നു മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. 1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്. ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ചന്തകൾ പ്രവർത്തിക്കില്ല.






