
കൊല്ലം: സംസ്‌ഥാന സര്‍ക്കാരിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ പണമിടപാടുകള്‍ ക്ളോസ് ചെയ്‌തപ്പോള്‍ എല്ലാ ചെലവുകളും കൃത്യമായി തന്നെ നിര്‍വഹിക്കാന്‍ കഴിഞ്ഞതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
സംസ്‌ഥാനത്തിന്റെ ആകെ പദ്ധതി ചെലവ്?
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്‌ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണ്. തദ്ദേശ സ്‌ഥാപനങ്ങളുടെ ചെലവ് 78.12 ശതമാനം പിന്നിട്ടു.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു പരിശോധനാ സമിതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള ഏകദേശം 2,000 കോടി രൂപയുടെ ചെലവുകള്‍ കൂടി അംഗീകരിക്കപ്പെടുമ്പോള്‍ തദ്ദേശ സ്‌ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 98 ശതമാനമായി ഉയരും. ഈ തുക പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്‌പില്‍ ഓവറായി നല്‍കാന്‍ കഴിയും. സംസ്‌ഥാന പദ്ധതിയും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതിയും ഒരുമിച്ച് പരിഗണിക്കുമ്പോള്‍ പദ്ധതി ചെലവ് 104 ശതമാനത്തോളമാകും.
സംസ്‌ഥാന പദ്ധതിച്ചെലവ് 24,723 കോടി രൂപയാണ്. തദ്ദേശ സ്‌ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 7199 കോടി രൂപയുമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിട്ടുള്ള 2000 കോടിയില്‍പരം രൂപയുടെ ചെലവുകള്‍ കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ തദ്ദേശ സ്‌ഥാപനങ്ങളുടെ പദ്ധതി ചെലവ് 9200 കോടി രൂപയിലെത്തും.
സംസ്‌ഥാന പദ്ധതിയും തദ്ദേശ സ്‌ഥാപന പദ്ധതിയും ചേര്‍ത്ത് ചേര്‍ത്ത് 31,922 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31-ലെ പ്രാഥമിക കണക്കുകള്‍ അനുസരിച്ചുള്ള പദ്ധതി ചെലവ്. അവസാന കണക്കില്‍ ഈ തുകകളെല്ലാം ഉയരും. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടിയാണ് സാമ്പത്തിക വര്‍ഷത്തെ അന്തിമ കണക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒരു ദിവസം മുമ്പേയുള്ള ഈ കണക്കുകള്‍ നല്‍കുന്നത്.
ശമ്പള പരിഷ്‌കരണം സംബന്ധിച്ച ബാധ്യത?
രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ ശമ്പള പരിഷ്‌കരണത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നു. ഇതുകൊണ്ട് മാത്രം 30,000 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് ഏറ്റെടുക്കേണ്ടി വന്നത്. ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് ചില ഭാഗത്തുനിന്നെല്ലാം ഉയര്‍ന്നുവന്നത്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാണ് അഞ്ചാം വര്‍ഷ അവസാനവും നടന്നിട്ടുള്ള ചെലവുകളുടെ കണക്കുകളില്‍ നിന്ന് വ്യക്‌തമാകുന്നത്.
2025-26 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ കണക്കുകളുടെ പ്രാഥമിക വിലയിരുത്തലില്‍ 1.90 ലക്ഷം കോടി രൂപയോളമാണ് സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് ചെലവഴിച്ചത്. മാര്‍ച്ച് മാസത്തിലെ മാത്രം ചെലവാകട്ടെ 21,000 കോടി രൂപയിലധികമാണ്. അവസാന ദിവസത്തെ ചെലവിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ ചെലവ് 2025-26-ലെ പുതുക്കിയ എസ്‌റ്റിമേറ്റ് തുകയായ 1.92 ലക്ഷം കോടി രൂപയില്‍ എത്തും.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള 2500 കോടിയോളം രൂപ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. ഒപ്പം സ്‌പില്‍ഓവര്‍ ചെലവില്‍ ഉള്‍പ്പെടേണ്ട 2000 കോടി രൂപ കൂടി കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ മാര്‍ച്ചിലെ ചെലവ് 25,500 കോടിയോളം രൂപയാകും.
സംസ്‌ഥാനത്തിന്റെ തനതു വരുമാനം ?
സംസ്‌ഥാനത്തിന്റെ തനതു വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ട്രില്യണ്‍ രൂപയ്‌ക്ക് മുകളിലേക്ക് എത്തിയിരിക്കയാണ്. (ഒരു ലക്ഷം കോടി). തനത് നികുതി വരുമാനം മാത്രം 81,300 കോടിയിലധികം ആകുമെന്നാണ് കണക്കാക്കുന്നത്. തനത് നികുതിയേതര വരുമാനം 22,300 കോടി രൂപയോളവുമാകും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി. നിരക്കുകളിലെ പരിഷ്‌കരണങ്ങള്‍, റഷ്യ- യുൈക്രന്‍ യുദ്ധം, പശ്‌ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍, അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ട്രേഡ് താരിഫ് പോലുള്ള പല ഘടകങ്ങളും സംസ്‌ഥാനത്തിന്റെ നികുതി വരുമാനത്തിന് വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ കാര്യക്ഷമമായ വിഭവ സമാഹരണത്തിലൂടെയും നികുതി പിരിവ് ശാസ്‌ത്രീയമായി ഊര്‍ജിതപ്പെടുത്തിയതിലൂടെയും തനതു നികുതി വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
പൊതുചെലവ് ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ?
2026-27 ലെ ബജറ്റില്‍ 2.40 ട്രില്യണ്‍ രൂപയുടെ വരവും ചെലവുമാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് സാധ്യമാക്കാനാകുമെന്നത് ഉറപ്പാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പൊതുചെലവ് ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2011-16 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വാര്‍ഷിക പൊതു ചെലവ് ശരാശരി 68,028 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശരാശരി വാര്‍ഷിക ചെലവ് 1.15 ലക്ഷം കോടി രൂപയായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ശരാശരി വാര്‍ഷിക ചെലവ് 1.72 ലക്ഷം കോടി രൂപയോളമാണ്. ഈ വര്‍ഷത്തെ അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഇത് വീണ്ടും ഉയരും.
നമുക്ക് കിട്ടാനുള്ള തുകകളില്‍ വലിയ തോതിലുള്ള വെട്ടിക്കുറവ് നേരിടേണ്ടിവന്ന കാലഘട്ടത്തിലാണ് ഇത്തരത്തില്‍ പൊതുചെലവ് ഗണ്യമായി ഉയര്‍ത്താനായത്.
കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍?
കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ മൂലം വര്‍ഷം ഏതാണ്ട് 50,000 കോടിയോളം രൂപയുടെ വരുമാന നഷ്‌ടമാണുണ്ടായത്. കടമെടുപ്പു പരിധിയില്‍ വരുത്തിയ കുറവുകള്‍ മൂലം മാത്രം ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലുണ്ടായിട്ടുള്ളത്. ഈ പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ സംസ്‌ഥാനത്തിന്റെ ചെലവുകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞു. ട്രഷറി അടച്ച് പൂട്ടുമെന്നും സംസ്‌ഥാനം കടക്കെണിയിലാണെന്നുമുള്ള നുണ പ്രചാരണങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ മികച്ച രീതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞത്. സാമൂഹിക സുരക്ഷാ പെന്‍ഷന് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത് 13,684 കോടി രൂപയാണ് നല്‍കിയത്. ഇതുവരെ നല്‍കിയതാകട്ടെ 51,534 കോടി രൂപയും.
സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025 വരെയുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും മാര്‍ച്ച് മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം അനുവദിച്ചു. ഇതിനായി മാസം 490 കോടി രൂപയാണ് അധികമായി വിനിയോഗിക്കുന്നത്.
വീട്ടമ്മമാര്‍ക്ക് ആയിരം രൂപ പ്രതിമാസം ധനസഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ സ്‌ത്രീ സുരക്ഷാ പദ്ധതിക്ക് ഇതിനോടകം 323 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 18നും 30നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകരായ യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്‌ട് ടു വര്‍ക്ക് പദ്ധതിയില്‍ ഇതിനകം 15 കോടി രൂപയും ചെലവഴിച്ചു. ജീവനക്കാര്‍ക്ക് അനുവദിച്ച ഡി.എയുടെ കുടിശിക തുക മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് നീക്കിയിരിപ്പായി 4000 കോടി രൂപ കൂടി ട്രഷറിയില്‍ നീക്കിയിരിപ്പായി ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 918 കോടി നല്‍കി. ബജറ്റ് വകയിരുത്തലിനേക്കാള്‍ 218 കോടി രൂപ അധികമായി നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മരുന്നു വാങ്ങാന്‍ 756 കോടി രൂപ നല്‍കി. ബജറ്റ് വകയിരുത്തല്‍ 400 കോടി രൂപയായിരുന്നു. ഏകദേശം ഇരട്ടിയോളം തുകയാണ് അധികമായി നല്‍കിയത്. റേഷന്‍ സബ്‌സിഡിയ്‌ക്ക് 1039 കോടി നല്‍കി. കെ.എസ്.ആര്‍.ടി.സിക്ക് ബജറ്റില്‍ 1039 കോടി രൂപ നീക്കിവച്ചു. നല്‍കിയത് 1626 കോടി രൂപയാണ്.
ബജറ്റ് വകയിരുത്തലിനേക്കാള്‍ 563 കോടി രൂപ അധികമായി നല്‍കി. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയ്‌ക്ക് 3000 കോടി രൂപയാണ് നല്‍കിയത്. ബജറ്റ് വകയിരുത്തലാകട്ടെ 560 കോടിയും. കേന്ദ്ര-സംസ്‌ഥാന തുല്യവിഹിതമുള്ള പദ്ധതിയാണിത്. എന്നാല്‍ ഇതിന് 500 കോടി രൂപ മാത്രമാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രം ലഭ്യമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെടുന്നതു മൂലം പാതിവഴിയിലാവുന്ന ജലജീവന്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ തുക അധികമായി നല്‍കിയത്.






