
കൊച്ചി: പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് ആത്മീയതയില്‍ സ്വന്തം വഴി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയാനാവില്ലെന്നു ഹൈക്കോടതി. അതിരൂപതയില്‍നിന്നു പുറത്തായ സന്യാസിനീ സമൂഹം തങ്ങളുടെ മക്കളെ വിശ്വാസപരമായി തടവിലാക്കിയെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശികളായ മൂന്നു രക്ഷിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിയാണു നിരീക്ഷണം. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും ജസ്‌റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്‌റ്റിസ് ജോബിന്‍ സെബാസ്‌റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി.
സഭയുമായി ബന്ധമില്ലാത്ത കൂട്ടായ്‌മയില്‍ മക്കള്‍ തുടരുന്നതും വിശ്വസിക്കുന്നതും സ്വന്തം തീരുമാനപ്രകാരമല്ല, എതിര്‍കക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു സ്വന്തം ഇഷ്‌ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ വിഷമത്തിനു നിയമപരമായ പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ക്കു മക്കളെ ഉപദേശിക്കാമെന്നല്ലാതെ ഏതു വിശ്വാസം സ്വീകരിക്കണമെന്നും ഏതു സംഘടനയില്‍ ചേരണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ കടന്നുകയറാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍, തങ്ങള്‍ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഈ വിശ്വാസപാത തെരഞ്ഞെടുത്തതെന്നു യുവതികള്‍ മൊഴി നല്‍കിയതു കണക്കിലെടുത്ത കോടതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ തള്ളി.






