
ഫ്ളോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ചാരത്തെത്തിക്കാന് ലക്ഷ്യമിട്ടുള്ള നാസയുടെ നിര്‍ണ്ണായക ദൗത്യം 'ആര്‍ട്ടെമിസ് 2' വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45-നായിരുന്നു ചരിത്രക്കുതിപ്പ്. വിക്ഷേപണത്തിന് പിന്നാലെ നടന്ന ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ വിജയകരമാണെന്ന് നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനിലേക്ക് വീണ്ടും ഇത്തരമൊരു ശ്രമം നടക്കുന്നത്. ഉദ്യമത്തില്‍ ചരിത്രമെഴുതിയത് ക്രിസ്റ്റീന കോച്ചും ജെറെമി ഹാന്‍സനുമാണ്. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. നാസയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എസ്.എല്‍.എസ്, നാല് ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.
മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയന്‍ പൗരനുമാണ് സംഘത്തിലുള്ളത്. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. കൂടാതെ, അമേരിക്കക്കാരനല്ലാത്ത ഒരാള്‍ ആദ്യമായി ചന്ദ്രന്റെ പരിസരത്തേക്ക് യാത്ര ചെയ്യുന്നു എന്ന ഖ്യാതി കാനഡയുടെ ജെറെമി ഹാന്‍സനും സ്വന്തമായി. കമാന്‍ഡര്‍ റീഡ് വൈസ്മാന്, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
'ഫ്ളൈബൈ' ദൗത്യം പത്ത് ദിവസം നീണ്ടുനില്‍ക്കും. ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ഉപഗ്രഹത്തെ വലംവെച്ച് സാങ്കേതിക പരിശോധനകള്‍ നടത്തുക. ചന്ദ്രനിലേക്ക് നേരിട്ട് പോകുന്നതിന് മുന്‍പായി അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ഈ പത്ത് ദിവസത്തിനുള്ളില്‍ സംഘം പരീക്ഷിക്കും. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ പരാജയപ്പെട്ടാല്‍ പേടകത്തെ എങ്ങനെ നിയന്ത്രിക്കാം എന്ന പരീക്ഷണം ആദ്യ 24 മണിക്കൂറില്‍ നടക്കും. അതിവേഗത്തിലുള്ള പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ പരിശോധന.
ബഹിരാകാശത്തെ അതിശക്തമായ വികിരണങ്ങള്‍ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് സഞ്ചാരികള്‍ സ്വയം പഠനത്തിന് വിധേയരാകും. ചന്ദ്രനെ ഒരു തവണ വലംവെച്ച ശേഷം ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിക്കും. ദൗത്യം പൂര്‍ത്തിയാക്കി ഏപ്രില്‍ പത്തിന് സംഘം സുരക്ഷിതമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന 'ആര്‍ട്ടെമിസ് 3' ദൗത്യത്തിന് ഈ യാത്ര നിര്‍ണ്ണായക അടിത്തറയാകും.






