
കൊല്ലം: രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ പരിഗണിച്ച് അവര്‍ക്ക് 'സൂക്ഷ്മ ന്യൂനപക്ഷ' പദവി നല്‍കണമെന്ന ശുപാര്‍ശയുമായി ബിജെപി സംസ്ഥാന ഘടകം. ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചതായാണ് സൂചന. എഫ്ആര്‍സിഎ വലിയ വിവാദമുണ്ടാക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിട്ട് നിര്‍ണ്ണായകമായ രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്.
രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.3 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവരെന്നും അതിനാല്‍ അവര്‍ക്ക് പ്രത്യേക പരിഗണന അര്‍ഹതയുണ്ടെന്നുമാണ് വാദം. പദവി നല്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് എന്‍.ഡി.എ.യുടെ കേരളത്തിലെ പ്രകടനപത്രികയിലും ഈ വാഗ്ദാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകള്‍ക്കിടയിലുള്ള ആശങ്കകള്‍ പരിഹരിക്കുകയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
സീറോ മലബാര്‍ സഭയും കത്തോലിക്ക കോണ്‍ഗ്രസും നേരത്തേ തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ക്രൈസ്തവ ജനസംഖ്യ ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍, അവരെ സൂക്ഷ്മ ന്യൂനപക്ഷമായി അംഗീകരിച്ച് പ്രത്യേക അവകാശങ്ങള്‍ ഉറപ്പാക്കണം എന്നാണ് സഭയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവുമായി സഭാ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലും മൈക്രോ മൈനോറിറ്റി പദവി പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ബി.ജെ.പി.യുടെ ക്രിസ്ത്യന്‍ ഔട്ട്റീച്ച് പരിപാടികളിലും ആവശ്യം ഉയര്‍ന്നു.
എഫ്ആര്‍സിഎ ബില്‍ കൊണ്ടുവരല്‍ താല്‍ക്കാലികമായി വേണ്ടെന്നും വെച്ചിരിക്കുകയാണ് ബിജെപി. നിയമത്തിന്റെ അന്തസ്സത്ത നിലനിര്‍ത്തിക്കൊണ്ടുതന്നെ സഭകളുമായി ചര്‍ച്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പായി സഭാ നേതൃത്വവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഈ വിഷയം അനുകൂലമാക്കാനാണ് ബി.ജെ.പി.യുടെ ശ്രമം.






