
നേമം: പ്രകടനപത്രിക എന്നത് ഒരു സോഷ്യല്‍ കോണ്‍ട്രാക്റ്റ് ആണെന്നും തന്നെ ജയിപ്പിച്ചാല്‍ ഒരു എംഎല്‍എ എന്താണ് ചെയ്യേണ്ടത് എങ്ങിനെയാണ് ചെയ്യേണ്ടത് എങ്ങിനെയാണ് മണ്ഡലത്തില്‍ വികസനം കൊണ്ടുവരേണ്ടതെന്ന് കാണിച്ചുകൊടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും ബിജെപി നേമം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. തങ്ങളുടെ പ്രകടനപത്രിക എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ എല്‍ഡിഎഫിന്റേയോ കോണ്‍ഗ്രസിന്റേത് പോലെയോ ഉള്ള ഒരു വ്യാജവാഗ്ദാനമല്ലെന്നും അത് ഗ്യാരന്റിയും വാഗ്ദാനവുമാണെന്നും പറഞ്ഞു.
രണ്ടു തവണ എംപിയായ താന്‍ മത്സരിക്കുന്നത് എംഎല്‍എ ആകാന്‍ വേണ്ടിയാണ്. എന്നാല്‍ ആ ഒരു പദവിക്ക് വേണ്ടിയല്ല. മറിച്ച് എംഎല്‍എ ആയാല്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ്. എംഎല്‍എ ആകുമ്പോള്‍ അയാള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഒര വാഗ്ദാനം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കാമെന്നാണ്. എന്നാല്‍ നേമം മണ്ഡലത്തില്‍ എന്താണ് കാണുന്നത്. ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ച് എംഎല്‍എ ആക്കിയയാള്‍ അതെല്ലാം ലംഘിച്ചു. തെരഞ്ഞെടുപ്പിന് പത്തുപതിനഞ്ച് ദിവസത്തിന് മുമ്പ് ഒരു ബ്രോഷര്‍ ഇറക്കി വ്യാജവാഗ്ദാനം നല്‍കുന്നു. മന്ത്രാലയത്തില്‍ നിന്നും ആളെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാക്കുന്നു. പിന്നീട് ജമാ അത്തെ ഇസ്‌ളാമിയുടേയും എസ്ഡിപിഐ യുടേയും കാലു പിടിക്കുന്നു.
ഇതില്‍ മാറ്റം വരുത്താനാണ് ഞാന്‍ മത്സരിക്കുന്നത്. നേമം മണ്ഡലത്തിന്റെ എല്ലാ സ്ഥലത്തും ഞാന്‍ പോയി കണ്ടിട്ടുണ്ട്. ഒട്ടനേകം സ്ഥലത്താണ് റോഡുകള്‍ കുണ്ടുംകുഴിയുമായി കിടക്കുന്നത് പുഞ്ചക്കരി വാര്‍ഡില്‍ റോഡ് കണ്ടാല്‍ ഞാന്‍ ആണ് എംഎല്‍എയെങ്കില്‍ നാണം കൊണ്ടു തല ഉയര്‍ത്തുകയല്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ നരേന്ദ്രമോദി പഠിപ്പിച്ചു തന്ന പൊളിറ്റിക്‌സ് ഓഫ് പെര്‍ഫോമന്‍സാണ് വേണ്ടത്. തനിക്ക് അവസരം തന്നാല്‍ അതിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുമെന്ന് നേമത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്.
ഒരു ബിജെപി എംഎല്‍എ വന്നാല്‍ നേമത്ത് വലിയഗുണമുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. തിരുവനന്തപുരത്ത് മേയറും ഡെപ്യൂട്ടി മേയറും ബിജെപി ക്കാര്‍ ആണ്. അതിനൊപ്പം എംഎല്‍എ കൂടി വന്നാല്‍ അത് നേമത്തിന് ആയിരക്കണക്കിന് പദ്ധതികള്‍ വരാന്‍ ഗുണം ചെയ്യും. കോര്‍പ്പറേഷന്‍ ഭരണം കിട്ടിയപ്പോള്‍ തന്നെ സിഎസ്ആര്‍ ഫണ്ടിനെക്കുറിച്ച് പറഞ്ഞതാണ്. അതും വലിയ ഗുണകരമായി മാറും.






