
തിരുവനന്തപുരം: പാപനാശം കടപ്പുറം തീവ്രവാദികളുടെ സഞ്ചാര പാതയായി മാറിയിരിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു . ബിജെപി വർക്കല നിയോജക മണ്ഡലം യുവ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. മലയാളത്തിൽ പ്രസംഗം ആരംഭിച്ച് ദേവേന്ദ്ര ഫഡ്നാവിസ് പവിത്രഭൂമിയായ കേരളത്തിൽ ബിജെപിയെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തില്‍ പൈതൃകം സംരക്ഷിക്കാൻ ബിജെപി സർക്കാർ അധികാരത്തിലെത്തും. വർക്കല എംഎൽഎ ഫണ്ടിലേക്ക് ദക്ഷിണകാശി പദ്ധതി വഴി അനുവദിച്ചത് 25 ലക്ഷം രൂപയാണ്. ഈ തുക ഉപയോഗിക്കാതെ ലാപ്സ് ആയി എന്നും വർക്കലയിൽ അമ്മമാരും സ്ത്രീകളും ജലത്തിനുവേണ്ടി നെട്ടോട്ടമോടുകയാണെന്നും ഫഡ്നാവിസ് പറഞ്ഞു . മാറി മാറി വന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല എന്നും വർക്കലയിലെ വികസനമുരടിപ്പ് ബിജെപി വരുന്നതോടെ മാറുമെന്നും ഫഡ്നാവിസ് പറഞ്ഞു. .വർക്കല ക്ലിഫ് ഏതുവിധേനയും നന്നാക്കിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ലിഫ് നവീകരണത്തിന് നൽകിയ തുക പോലും ഉപയോഗിക്കപ്പെട്ടിട്ടില്ല.
കേരളത്തിൽ ബിജെപി വലിയ വളർച്ച കൈവരിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞു. മുൻപ് കേരളത്തിൽ ഇലക്ഷന് നിൽക്കുന്നു, തോൽക്കുന്നു എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇന്ന് ഒരു എംപിയും മേയറും, 600-ാളം മെമ്പർമാരുമുണ്ട്. കേരളത്തിൽ ബിജെപി പതുക്കെ പതുക്കെ വേരോട്ടം തുടങ്ങിക്കഴിഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് പാർട്ടി വളർന്നത് എന്നും തങ്ങളുടെ 300-ാളം പ്രവർത്തകരെയാണ് മറ്റു പാർട്ടിക്കാർ കൊലപ്പെടുത്തിയത് എന്നും ഫഡ്നാവിസ് ആരോപിച്ചു.






