
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 10 വർഷമായി ഒന്നും ചെയ്തിട്ടില്ലെന്നും നന്നായി പഠിക്കുന്ന കുട്ടികൾക്ക് ഇവിടെ തൊഴിൽ അവസരം ലഭിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനിന്ന സർക്കാരാണ് ഇവിടം ഭരിച്ചതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തെ കവടിയാറിലെത്തി സംസാരിക്കുകയായിരുന്നു അവർ. ആശാ സമരത്തോട് സർക്കാർ എന്താണ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കുറച്ച് വർദ്ധനയുണ്ടായി. എന്നാൽ അടിസ്ഥന വർഗ്ഗങ്ങൾ ഇപ്പോഴും കഷ്ടപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ ആക്രമിക്കപ്പെടുകയാണ്. നഴ്‌സുമാർക്ക് വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലി തേടി പോവുകയാണ്. വയനാട്ടിലെ ഇഞ്ചികർഷകർ കർണാടകയിലേക്ക് പോകുന്നു.
അധികാരത്തിൽ തുടരാൻ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ഈ നാട് ഭരിക്കുന്നത് ഭീരുക്കൾളാണ്. പിണറായി സ്വയം രക്ഷിക്കാൻ മോദിക്ക് കീഴടങ്ങുന്നു. മോദി അമേരിക്കക്കും ഇസ്രായേലിനോടും കീഴടങ്ങുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. യുഎസ് കരാർപ്രകരം ഇന്ത്യക്ക് എന്തു ചെയ്യാനും ഇനി അമേരിക്കയുടെ അനുമതി വേണ്ടിവരും. അദാനി തീരം കവരുമ്പോൾ സംസ്ഥാന സർക്കാർ അതിന് കൂട്ടുനിന്നു. യഥാർത്ഥ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുളള അവസരമാണ് ഇപ്പോൾ. ജനങ്ങൾ ആ അവസരം ഉപയോഗിക്കണം. ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ളതാണ് യുഡിഎഫിന്റെ 5 ഗ്യാരൻ്റികളെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.






