
കോഴിക്കോട്: ക്രിസ്തീയ ഭക്തിഗാനരംഗത്ത് ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന് പനക്കല്‍ (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ്ഫാ. ഡോ.ജെസ്റ്റിന് പനക്കല്‍. ആല്‍ബങ്ങളുടെ സുവര്‍ണകാലത്ത് ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പ്പിയാണ് ഫാ. ജസ്റ്റിന് പനക്കല്‍. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്.
ഫാ. ജസ്റ്റിന് പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് ഗാനങ്ങള്‍ പാടിയത് യേശുദാസാണ്. തരംഗിണിയുടെ, തളിര്‍മാല്യം, സ്നേഹപ്രവാഹം, സ്നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍…, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന…, നവ്യമായൊരു കല്‍പ്പന…, കര്‍ത്താവാം യേശുവേ മര്‍തൃവിമോചകാ…, നായകാ ജീവദായകാ…, സ്നേഹസ്വരൂപാ തവദര്ശനം… എന്നിവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍.
കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്റെ മകനാണു ഫാ. ജെസ്റ്റിന്. 1952 ല്‍ കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമായ അദ്ദേഹം 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. ഫാ. ജെസ്റ്റിന് പനക്കലിന്റെ മൃതദേഹം തിങ്കളാഴ്ട രാവിലെ ഏഴു മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍.






