
ഫേ്ലാറിഡ: അരനൂറ്റാണ്ടിനു ശേഷം ചരിത്രമെഴുതി വീണ്ടും ചാന്ദ്രദൗത്യം. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ആര്‍ട്ടെമിസ് 2 ദൗത്യത്തിനു വിജയകരമായ തുടക്കം.
നാലു ബഹിരാകാശ യാത്രികരുമായി യു.എസിലെ ഫേ്ലാറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 3.54 നാണു പേടകം വിക്ഷേപിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ഒറിയോണ്‍ പേടകം 25 മണിക്കൂര്‍ ഭൂമിയെ വലംവച്ചശേഷം ചന്ദ്രനിലേക്കു കുതിക്കും. 10 ദിവസത്തെ ദൗത്യത്തില്‍ ബഹിരാകാശ യാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം മടങ്ങുകയാകും ചെയ്യുക. ചന്ദ്രനെ വലംവച്ച അപ്പോളോ 8 ദൗത്യത്തില്‍നിന്നു വ്യത്യസ്തമായി ആര്‍ട്ടെമിസ് 2 ചന്ദ്രന്റെ ഭ്രമണപഥം മറികടന്നു മുന്നോട്ടുപോകും. 'യു-ടേണ്‍' എടുത്ത് ഭൂമിയിലേക്കു മടങ്ങും. മനുഷ്യരുമായി ചന്ദ്രനപ്പുറം 4,000 മൈല്‍ പറക്കുന്ന ആദ്യ ദൗത്യമാകുമിത്. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്.) റോക്കറ്റിലാണു പേടകം വിക്ഷേപിച്ചത്.
1972 ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ആദ്യമായാണു മനുഷ്യന് ചന്ദ്രനിലേക്കു പോകുന്നത്. കെന്നഡി സ്പേസ് സെന്ററില്‍ ആയിരക്കണക്കിനാളുകള്‍ ചരിത്രനിമിഷത്തിനു സാക്ഷ്യംവഹിച്ചു. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണാകയ ചുവടുവയ്പ്പാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും യുറോപ്യന്‍ സ്പേസ് ഏജന്‍സികളും സഹകരിച്ചുള്ള ആര്‍ട്ടെമിസ് 2 ദൗത്യം. ആര്‍ട്ടെമിസ് 3, 4 ദൗത്യങ്ങള്‍ പിന്നാലെ വരും.
അമേരിക്കയുടെ റീഡ് വൈസ്മാന്, വിക്ടര്‍ ഗേ്ലാവര്‍, ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ പൗരന് ജെറമി ഹാന്സന് എന്നിവരാണു പേടകത്തിലുള്ള യാത്രികര്‍. റീഡ് വൈസ്മാനാണു കമാന്‍ഡര്‍. വിക്ടര്‍ ഗേ്ലാവര്‍ പൈലറ്റ്. അപ്പോളോ ദൗത്യങ്ങള്‍ക്കു സൗകര്യമൊരുക്കിയ അതേ വിക്ഷേപണ സ്ഥലത്തു നിന്നാണ് ആര്‍ട്ടെമിസ് 2 പുറപ്പെട്ടത്.
ഈ സമയം, 248,000 മൈല്‍ അകലെ പൂര്ണചന്ദ്രന് ദൃശ്യമായിരുന്നു. ' മനോഹരമായ ചന്ദ്രോദയം. നമ്മള് അവിടേക്കു നീങ്ങുകയാണ്.'-പറക്കലിന്റെ തുടക്കത്തില്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന് പറഞ്ഞു. 50 വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം 'ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കുന്ന ജോലിയില്‍ നാസ തിരിച്ചെത്തി'യെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജാറെഡ് ഐസക്മാന് പറഞ്ഞു. ഒരു വനിതയും യു.എസ്. പൗരനല്ലാത്ത വ്യക്തിയുമടക്കം നാസയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന ചാന്ദ്രസംഘമാണിത്.കൗണ്ട്ഡൗണ്‍ പരിശോധനകളില്‍ അപകടകരമായ ചോര്‍ച്ച അനുഭവപ്പെട്ടതിനാല്‍, റോക്കറ്റില്‍ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്നത് പിരിമുറുക്കം സൃഷ്ടിച്ചിരുന്നു.
എന്നാല്‍, കാര്യമായ ചോര്‍ച്ചയുണ്ടായില്ല. ഏഴു ലക്ഷം ഗാലന് ഇന്ധനമാണു റോക്കറ്റില്‍ നിറച്ചത്. ബാറ്ററി സെന്‍സറുകളുടെ തകരാറും റോക്കറ്റിന്റെ ഫ്ളൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റവുമായുള്ള ആശയവിനിമയത്തിലെ വീഴ്ചയുമടക്കം അവസാനനിമിഷം ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും ഇവ ഉടനടി പരിഹരിച്ചു.






