
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും തലശ്ശേരിയിലും ആവേശമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പര്യടനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി കണ്ണൂരിലെത്തിയ അദ്ദേഹത്തെ ജനക്കൂട്ടം ആവേശത്തോടെ വരവേറ്റു. വന്‍ ജനമുന്നേറ്റമാണ് റോഡ് ഷോകളിലുടനീളം ദര്‍ശിച്ചത്.
ധര്‍മ്മടം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ചിത്തിന്റെ പ്രചാരണാര്‍ത്ഥം പിണറായിയിലായിരുന്നു ആദ്യ റോഡ് ഷോ.
വ്യാഴാഴ്ച ഉച്ചയ്ക്ക് പിണറായി പാണ്ട്യാല മുക്കില്‍ നിന്ന് ആരംഭിച്ച് ടൗണിലെ പെട്രോള്‍ പമ്പ് വരെ നീണ്ടു. പ്രത്യേകം സജ്ജമാക്കിയ തുറന്ന വാഹനത്തില്‍ സുരേഷ് ഗോപി എത്തിയതോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേറ്റു.
റോഡ് ഷോയ്ക്ക് ശേഷം അദ്ദേഹം ബലിദാനി രമിത്തിന്റെ വസതി സന്ദര്‍ശിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ. നിധീഷിന്റെ പ്രചാരണ പരിപാടികളിലാണ് സുരേഷ് ഗോപി പങ്കുചേര്‍ന്നത്. രാമകൃഷ്ണ മന്ദിര പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോയില്‍ സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തമുണ്ടായിരുന്നു.
തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടു ചോദിക്കാനും താരം മറന്നില്ല. ഇത്തവണത്തെ വോട്ട് നിങ്ങള്‍ വിനിയോഗിക്കേണ്ടത് മാറ്റത്തിന് വേണ്ടിയാകണമെന്നും വര്‍ഷങ്ങളായുള്ള കഷ്ടപ്പാടിനും ദുരിതത്തിനും അറുതിവരുത്താന്‍ കണ്ണൂരില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തിക്കണമെന്നും പറഞ്ഞു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ വളരെ ചിന്തിച്ച് സമീപിക്കണമെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.






