
തിരുവനന്തപുരം: എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പിന്തുണ തേടുന്ന ഇടത്-വലത് മുന്നണികളുടെ പ്രീണന രാഷ്ട്രീയത്തിന് നേമത്തെ ജനങ്ങള്‍ അന്ത്യം കുറിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നേമം മണ്ഡലത്തിന്റെ ഒരു പതിറ്റാണ്ട് കാലത്തിന് ഈ തെരഞ്ഞെടുപ്പില്‍ അറുതി വരുത്തുമെന്നും പറഞ്ഞു.
ക്ഷേമ പെന്‍ഷന്റെ പേരില്‍ വോട്ടര്‍മാരെ വീണ്ടും കബളിപ്പിക്കാനുള്ള പരിപാടിയാണ് എല്‍ഡിഎഫ്-യുഡിഎഫ് നടത്തുന്നത്. 2021-ല്‍ നല്കിയ 2500 രൂപ പെന്ഷന് വാഗ്ദാനം പോലും പാലിക്കാത്ത പിണറായി സര്‍ക്കാര്‍, ഇപ്പോള്‍ 3000 രൂപ വാഗ്ദാനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണികളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് ബദലായി കേന്ദ്ര മാതൃകയിലുള്ള സുസ്ഥിര വികസനവും തൊഴിലവസരങ്ങളുമാണ് ബിജെപി നേമത്ത് വിഭാവനം ചെയ്യുന്നത്.
പെന്ഷന് അവകാശമാണെന്ന് ഇപ്പോള്‍ വാദിക്കുന്ന യുഡിഎഫ്, ഭരണത്തിലിരുന്നപ്പോള്‍ ജനക്ഷേമ കാര്യങ്ങളില്‍ കാണിച്ച അലംഭാവം ജനങ്ങള്‍ മറന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേവലം ഒരു എംഎല്‍എ പദവിയല്ല തന്റെ ലക്ഷ്യമെന്നും, മറിച്ച് മണ്ഡലത്തിന്റെ സമഗ്രമായ മാറ്റത്തിനായുള്ള നിശ്ചയദാര്‍ഢ്യമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ വാക്കുകള്‍ സാധാരണ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ലെന്നും, നടപ്പിലാക്കുമെന്ന് ഉറപ്പുള്ള മോദി ഗ്യാരന്റിയുടെ ഭാഗമാണെന്നും പറഞ്ഞു. ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്ന് പ്രവര്‍ത്തിച്ചു കാണിക്കാനാണ് ആഗ്രഹിക്കുന്നത്. നരേന്ദ്ര മോദിയുടെ വികസന പന്ഥാവിലേക്ക് നേമത്തെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം കരുത്തുപകരുമെന്ന വിശ്വാസത്തിലാണ് വോട്ടര്‍മാര്‍.






