
തിരുവനന്തപുരത്ത് ട്രെയിനിൽ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു. ഇന്നലെ രാത്രി പരശുരാം എക്‌സ്‌പ്രസിലായിരുന്നു സംഭവം. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് ട്രെയിൻ എത്തിയപ്പോൾ ജനറൽ കംപാർട്ട്മെന്റിലായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈലും കഴുത്തിലെ മാലയും മോഷ്ടാവ് പിടിച്ചു പറിച്ചെന്നാണ് പരാതി.
യുവതി പെട്ടെന്ന് കൈകൊണ്ട് മൊബൈൽ ഫോൺ തട്ടി താഴെയിട്ടു. ഇതോടെ മാലയുമായി പ്രതി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് എടുത്ത് ചാടി. മാല പിടിച്ചു പറിക്കുന്നതിനിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ട്രയിൻ തിരുവനന്തപുരം സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങിയ യുവതി ബന്ധുക്കൾക്കൊപ്പം തമ്പാനൂർ റെയിൽവേ പൊലീസിനെ സമീപിച്ചു.
ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം രാത്രിയോടെ യുവതി തുമ്പ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.






