
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു. 44,000 മെട്രിക് ടണ്‍ എല്‍പിജിയുമായി 'ഗ്രീന്‍ സാന്‍വി' എന്ന ടാങ്കര്‍ കൂടി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഇതോടെ, സമീപദിവസങ്ങളില്‍ ഇന്ത്യയിലേക്കുള്ള എല്‍പിജിയുമായി ഈ പാത കടക്കുന്ന കപ്പലുകളുടെ എണ്ണം ഏഴായി.
ഗള്‍ഫ് ഓഫ് ഒമാനില്‍ എത്തുന്ന കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി നല്‍കുന്നുണ്ട്. 'ഗ്രീന്‍ ആശ', 'ജഗ് വിക്രം' എന്നീ രണ്ട് എണ്ണ ടാങ്കറുകള്‍ കൂടി ഉടന്‍ ഹോര്‍മുസ് കടക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് ഇറാന് നേരത്തെ വ്യക്തമാക്കിയിരുന്നു.
'ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. പശ്ചിമേഷ്യന്‍ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.'
ആറ് ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടത് ആശ്വാസകരമായ വാര്‍ത്തയാണ്. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടാങ്കറുകള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ വിപണിയെ ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് കേന്ദ്ര വിദേശകാര്യ-ഷിപ്പിംഗ് മന്ത്രാലയങ്ങള്‍.






