
കുടുംബത്തിലുള്ള ഉറ്റവർക്കും ഉടയവർക്കും മാത്രമല്ല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ജന്മദിനം ഒരു സർപ്രൈസ് ദിനം ആക്കി മാറ്റുന്നവർ ഒരുപാടാണ്. തികച്ചും അപ്രതീക്ഷിതമായി കിട്ടുന്ന അത്തരം ചില സർപ്രൈസുകൾ ജീവിതത്തിൽ മറക്കാനാവാത്ത ചില നിമിഷങ്ങളും സമ്മാനിക്കും.
ഇപ്പോഴിതാ അത്തരത്തിൽ ജന്മദിനത്തിൽ മാതാപിതാക്കളെ ഓർത്ത് കരയുന്ന ജോലിക്കാരിയ്ക്ക് പിറന്നാള്‍ ആഘോഷമൊരുക്കിയ യുവാവും കൂട്ടുകാരുമാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. ഹൃദയത്തെ സ്പർശിക്കുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന അതിമനോഹരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി മാറുകയാണ്.
തന്റെ വീട്ടിലെ ജോലിക്കാരിയുടെ ജന്മദിനത്തിൽ അവരെ സർപ്രൈസ് നൽകി സന്തോഷിപ്പിച്ച യുവാവാണ് വീഡിയോയിലുള്ളത്. കൃതാർത്ഥ എന്ന യുവാവും കൂട്ടുകാരും കൂടിയാണ് തങ്ങളുടെ ദീദിക്ക് സർപ്രൈസ് ഒരുക്കി അവരെ സന്തോഷിപ്പിച്ചത്. കൃതാർത്ഥ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, വീട്ടിലെ ജോലിക്കാരിയായ ജ്യോതി ദീദി അടുക്കളയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടു എന്നാണ്. എന്തുപറ്റിയെന്ന് തിരക്കിയ കൃതാർത്ഥയോട് ജ്യോതി പറഞ്ഞത്, 'ഇന്ന് എന്റെ ജന്മദിനമാണ്, എന്റെ അമ്മ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്ക് ഒരുപാട് സ്നേഹം തന്നേനെ...' എന്നാണ്.
വളരെ ചെറുപ്പത്തിൽ തന്നെ ജ്യോതിക്ക് തന്റെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടിരുന്നു. ജ്യോതിയുടെ വാക്കുകൾ കൃതാർത്ഥയെ വളരെ അധികം വേദനിപ്പിച്ചു. അവരുടെ സങ്കടം മാറ്റാനായി കൃതാർത്ഥയും സുഹൃത്തുക്കളും ചേർന്ന് ഉടൻ തന്നെ ഒരു കേക്ക് വാങ്ങുകയും പിറന്നാൾ ആഘോഷം ഒരുക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ, അവരുടെ സ്നേഹം കൊണ്ട് ജ്യോതിയെ അവർ തോല്പിക്കാൻ ശ്രമിച്ചപ്പോൾ അതേ സ്നേഹം കൊണ്ട് ജ്യോതി അവരേയും തോല്പിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന 500 രൂപ അവർക്ക് നൽകി ഇഷ്ടമുള്ളത് വാങ്ങിക്കഴിക്കാനാണ് ജ്യോതി അവരോട് പറഞ്ഞത്. ആ പണം വാങ്ങിയില്ലെങ്കിലും അക്കാര്യം തന്നെ അമ്പരപ്പിച്ചതായും കൃതാർത്ഥ വീഡിയോയിൽ പറയുന്നു. 'അവർക്ക് നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയില്ലായിരിക്കാം, പക്ഷേ അവർ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നമ്മളെക്കൊണ്ട് കഴിയും' എന്നാണ് കൃതാർത്ഥ പറയുന്നത്. 'ജ്യോതിയെ സന്തോഷിപ്പിക്കാൻ വേണ്ടി യുവാക്കൾ ചെയ്തത് വളരെ നല്ലൊരു കാര്യമാണ്...' എന്നതടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രശംസിച്ചു കമന്റുകൾ കുറിക്കുന്നത്.






