
നിയമം ലംഘിച്ച് അർദ്ധരാത്രിയിൽ പ്രവർത്തിപ്പിച്ച ഉച്ചഭാഷിണികൾക്കെതിരെ വേഗത്തിൽ നടപടിയെടുത്ത ദില്ലി പോലീസിന് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രശംസ. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ ആകാശ് ബൻസാലാണ് തന്റെ അനുഭവം എക്സിലൂടെ പങ്കുവെച്ചത്.
പുലർച്ചെ ഒരു മണിയോടെ വലിയ ഉച്ചത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നെന്ന പരാതിയിലാണ് പോലീസിന്റെ അതിവേഗ നടപടി.
പരാതി നൽകി 10 മിനിറ്റിനുള്ളിൽ പരിഹാരം ലഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ പ്രദേശത്ത് ഉച്ചഭാഷിണികൾ ഉച്ചത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആകാശ് ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ (100) വിവരമറിയിച്ചു. വെറും നാല് മിനിറ്റിനുള്ളിൽ തന്നെ പട്രോളിംഗ് ഓഫീസറുടെ ഫോൺ കോൾ അദ്ദേഹത്തിന് ലഭിച്ചു.
പത്ത് മിനിറ്റിനുള്ളിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും ഉച്ചഭാഷിണികൾ നിശബ്ദമാക്കി, പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഇതിനിടയിൽ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മറ്റ് രണ്ട് ഉദ്യോഗസ്ഥർ കൂടി തന്നെ വിളിച്ചതായും ആകാശ് വ്യക്തമാക്കി.






