
വാഷിങ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌പോരും സൈനിക നീക്കങ്ങളും തുടരുമ്പോള്‍ ഇറാനിലെ ഉന്നത സൈനിക നേതൃത്വത്തെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഭവത്തിന്റേതെന്ന അമേരിക്ക അവകാശപ്പെടുന്ന വീഡിയോയും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയില്‍ വന്‍ സ്‌ഫോടനങ്ങള്‍ ദൃശ്യമാണെങ്കിലും, ഈ ആക്രമണം എപ്പോള്‍ നടന്നതാണെന്നോ ആരെല്ലാമാണ് കൊല്ലപ്പെട്ടതെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.
ടെഹ്റാനില്‍ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്റെ നിരവധി ഉന്നത സൈനിക തലവന്‍മാര്‍ കൊല്ലപ്പെട്ടുവെന്ന് ട്രംപ് അവകാ ശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെടുന്ന ഒരു മിനിറ്റും എട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സമാധാന കരാറിന് വഴങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനു മേല്‍ 'നരകം പെയ്തിറങ്ങുമെന്ന' ഭീഷണിയും ട്രംപ് മുഴക്കുന്നുണ്ട്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് നിര്‍ണ്ണായകമായ ഈ വിവരം ട്രംപ് പുറത്തുവിട്ടത്. 'ഇറാനെ തെറ്റായ രീതിയില്‍ നയിച്ച സൈനിക നേതാക്കളുടെ അന്ത്യം ടെഹ്റാനിലെ ആക്രമണത്തോടെ സംഭവിച്ചു.' എന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്. അമേരിക്ക യുടെ പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. ആക്രമണം തുടരുകയാണെങ്കില്‍ മേഖലയില്‍ വന്‍തോതി ലുള്ള ആണവ വികിരണമുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
48 മണിക്കൂറിനുള്ളില്‍ അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെ സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കൂടി വന്നതോടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറാന്റെ ആണവ മുന്നറിയിപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ആശങ്ക യായിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സംയമനം പാലിക്കണമെന്നും ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.






