
ന്യൂയോര്‍ക്ക് : മദ്ധ്യേഷ്യയിലെ സംഘര്‍ഷത്തിനിടയില്‍ ഇറാന്‍ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ (F-15E സ്ട്രൈക്ക് ഈഗിള്‍) കാണാതായ സൈനികനെ രക്ഷപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചു. അതീവ സങ്കീര്‍ണ്ണമായ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ഒടുവിലാണ് സൈനികനെ കണ്ടെത്തിയതെന്നും വ്യക്തമാക്കി.
'നമുക്ക് അദ്ദേഹത്തെ ലഭിച്ചു! എന്റെ സഹ അമേരിക്കക്കാരെ, കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും സാഹസികമായ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്ന് നടത്തി. നമ്മുടെ അവിശ്വസനീയമായ ക്രൂ മെമ്പര്‍ ഓഫീസര്‍മാരില്‍ ഒരാളും, ബഹുമാന്യനായ കേണലുമായ അദ്ദേഹം ഇപ്പോള്‍ സുരക്ഷിതനാണെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്!' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്റെ ദുര്‍ഘടമായ പര്‍വതനിരകളില്‍ ശത്രുക്കള്‍ വളയുന്നതിനിടെയാണ് സൈനികനെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ഇറാന്‍ യുഎസ് എഫ്-15ഇ വിമാനം വെടിവെച്ചിട്ടത്. ഇതിലെ രണ്ടാമത്തെ ക്രൂ അംഗത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ശത്രുപക്ഷത്തിന്റെ ആക്രമണത്തില്‍ ഒരു യുഎസ് യുദ്ധവിമാനം തകരുന്നത്. ആദ്യത്തെയാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ശത്രുരാജ്യത്തിന്റെ മണ്ണില്‍ നിന്ന് രണ്ട് യുഎസ് പൈലറ്റുമാരെ വെവ്വേറെ രക്ഷപ്പെടുത്തുന്നത് സൈനിക ചരിത്രത്തില്‍ ആദ്യമായാണെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഈ ധീരനായ പോരാളി ഇറാന്റെ പര്‍വതനിരകളില്‍ ശത്രുക്കളാല്‍ വേട്ടയാടപ്പെടുകയായിരുന്നു. ഓരോ മണിക്കൂര്‍ കഴിയുന്തോറും ശത്രുക്കള്‍ അദ്ദേഹത്തിന് അടുത്തേക്ക് എത്തിക്കൊണ്ടിരുന്നു. എന്നാല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ ഞാനും പ്രതിരോധ സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും 24 മണിക്കൂറും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ നിര്‍ദ്ദേശപ്രകാരം അത്യാധുനിക ആയുധങ്ങളുമായി ഡസന്‍ കണക്കിന് വിമാനങ്ങളാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ അയച്ചത്. അദ്ദേഹത്തിന് പരിക്കുകളുണ്ട്, എങ്കിലും അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കും.' ട്രംപിന്റെ കുറിപ്പില്‍ പറയുന്നു.
നേരത്തെ, അല്‍ ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ശക്തമായ വെടിവെയ്പ്പിന് ഒടുവിലാണ് രണ്ടാമത്തെ ക്രൂ അംഗത്തെ കണ്ടെത്തിയത്. ഇറാന്റെ മണ്ണില്‍ നിന്ന് ഇവരെ പൂര്‍ണ്ണമായും പുറത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.






