
കോഴിക്കോട്: എന്‍ഡിഎ ക്യാമ്പില്‍ വലിയ ആവേശം ഉയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ പ്രചരണത്തിനായി ആഭ്യന്തരമന്ത്രി അമിത്ഷാ ബേപ്പൂരില്‍. കനത്ത ചൂടിനെ പോലും വെല്ലുവിളിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയിരിക്കുന്നത്. മാത്തോട്ടം മുതല്‍ നടുവട്ടം വരെ ഒരു കിലോമീറ്റര്‍ ദൂരം അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി റോഡ്‌ഷോ നടത്തുകയും ചെയ്തു.
കോഴിക്കോട് പ്രചരണത്തിന് പിന്നാലെ അമിത്ഷാ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞദിവസം നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചരണത്തിനായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ അമിത്ഷാ കൂടി എത്തുകയായിരുന്നു. അമിത്ഷാ പ്രചരണത്തിനായി കേരളത്തില്‍ എത്തുന്നുണ്ടെങ്കില്‍ കോഴിക്കോട് എത്തിക്കാന്‍ നേരത്തേ ബിജെപി സംസ്ഥാനഘടകം തീരുമാനം എടുത്തിരുന്നു. ഇന്നലെ രാത്രിയാണ് അമിത്ഷാ കേരളത്തിലെ പ്രചാരണത്തിനായി എത്തിയത്. 15 മിനിറ്റ് കോഴിക്കോട് ചെലവഴിക്കും.
ഇത്തവണ ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് വലിയ പ്രതീക്ഷയിലാണ് എന്‍ഡിഎ. പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് കോര്‍പ്പറേഷനില്‍ വോട്ടുഷെയര്‍ ഉയര്‍ത്തിയത് എന്‍ഡിഎ ക്യാമ്പിന് കനത്ത ആത്മവിശ്വാസമാണ് നല്‍കിയിട്ടുള്ളത്. പ്രകാശ് മുന്നാം തവണയാണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസാണ് ഇടതു സ്ഥാനാര്‍ത്ഥി. പി.വി. അന്‍വറാണ് യുഡിഎഫിനായി കളത്തിലുള്ളത്. ജില്ലയുടെ വിവിധ മേഖകളില്‍ നിന്നുള്ള അനേകം ബിജെപി പ്രവര്‍ത്തകരാണ് ബേപ്പൂരില്‍ എത്തിയത്.






