
ബംഗലുരു: കുടകിലെ ട്രക്കിങ് കേന്ദ്രത്തില്‍ വെച്ച് കാണാതായ മലയാളി യുവതി ശരണ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും പുരോഗമിക്കുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ ട്രക്കിങ്ങിനിടെയാണ് കാണാതായത്. നാലു സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കോടമഞ്ഞും ചെങ്കുത്തായ പ്രദേശവും തെരച്ചില്‍ ദുഷ്‌ക്കരമാക്കുന്നു.
60 പേര്‍ നാലു സംഘമായിട്ടാണ് തെരച്ചില്‍ നടത്തുന്നത്. ഇതുവരെ സൂചനകളൊന്നുമില്ലെന്നാണ് കര്‍ണാടക ഫോറസ്റ്റ് വിഭാഗം വ്യക്തമാക്കുന്നത്. ഇത് വന്യമൃഗങ്ങള്‍ ഉള്ള പ്രദേശമാണെന്നും സൂചനയുണ്ട്. കുടകിലെ തടിയന്റെമോള്‍ മലയില്‍ നിന്നുമാണ് ശരണ്യയെ കാണാതായത്. കര്‍ണാടക കുടകിലെ മടിക്കേരിയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് തടിയന്റമോള്‍ മല.
എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത പത്തംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുടകിലെ ട്രക്കിങ് കേന്ദ്രത്തില്‍ എത്തിയത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് പുരുഷന്മാരും ശരണ്യയുമാണ് സംഘത്തി ലുണ്ടായിരുന്നത്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ നിന്നും രാവിലെ 8:15-നാണ് സംഘം യാത്ര തുടങ്ങിയത്.
മടങ്ങി വന്ന സഞ്ചാരികളുടെ മൊഴി പ്രകാരം, കുന്നിന്‍ മുകളില്‍ ഒരു നായയുമായി കളിച്ചുനില്‍ക്കുകയായിരുന്നു ശരണ്യ. കൂടെയുണ്ടായിരുന്നവര്‍ തിരിച്ചിറങ്ങാന്‍ പറഞ്ഞപ്പോള്‍ താന്‍ പിന്നാലെ വന്നോളാം എന്ന് ശരണ്യ മറുപടി നല്‍കിയതായും പറയപ്പെടുന്നു.
ശരണ്യ താമസിച്ചിരുന്ന റിസോര്‍ട്ടിലെ ജീവനക്കാര്‍ യുവതി തിരിച്ചെത്തിയില്ലെന്ന് അറിയിച്ചതോടെയാണ് വനംവകുപ്പ് അന്വേഷണം തുടങ്ങിയത്. കാണാതായ സമയത്ത് ശരണ്യയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. തനിക്ക് വഴി തെറ്റിയെന്ന് യുവതി അന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ഡോഗ് സ്‌ക്വാഡ്, നാട്ടുകാര്‍, ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരടങ്ങുന്ന 150 ഓളം പേര്‍ ആദ്യഘട്ടത്തില്‍ തിരച്ചില്‍ നടത്തി.
നിലവില്‍ 80-ലധികം പേര്‍ കാടിനുള്ളില്‍ പരിശോധന തുടരുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ചെങ്കുത്തായ പ്രദേശം ആയതിനാല്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മുന്‍പും ഒറ്റയ്ക്ക് നിരവധി യാത്രകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ശരണ്യയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ദുര്‍ഘടമായ ഭൂപ്രകൃതിയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്.






