
തൃശൂര്‍: വാടാനപ്പള്ളിയിലും കിറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിരോധിച്ച് ബിജെപി പ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇലക്ഷന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധനയ്ക്കായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആയിരത്തിലധികം ഭക്ഷ്യക്കിറ്റുകള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നതായിട്ടാണ് ആരോപണം.
വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണിന്റെ മുകളിലത്തെ നിലയില്‍ നടന്‍ ദേവന്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരും ഉണ്ട്. ഇവരെ പുറത്തുവിടാതെ പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥാപനത്തിന് മുന്നിലുണ്ട്. ഗൃഹസമ്പര്‍ക്കത്തിന്റെ ഭാഗമായിട്ട് വന്നവരെ കോണ്‍ഗ്രസുകാര്‍ ഉള്ളിലിട്ട് തടവിലാക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. അകത്തുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അകത്തുള്ള ബിജെപി നേതാക്കളെ സുരക്ഷിതമായി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും കെട്ടിടത്തിന് പുറത്ത് നില്‍ക്കുകയാണ്.
ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. കിറ്റുകള്‍ സന്നദ്ധ സംഘടനയ്ക്ക് വേണ്ടി നല്‍കാന്‍ സ്ഥാപനം തയ്യാറാക്കിയതാണെന്നുമാണ് ബിജെപി പറയുന്നത്. കഴിഞ്ഞദിവസം ഒളരിയില്‍ വോര്‍ട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാര്‍ത്തിക' സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണന്‍ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് ആയിരുന്നു പരാതി നല്‍കിയത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 26 കിറ്റുകള്‍ പിടിച്ചെടുത്തു.
ഇതിനിടയില്‍ മണലൂരും വടക്കാഞ്ചേരിയിലും ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ടി എന്‍ പ്രതാപനും പി എന്‍ വൈശാഖനും രംഗത്തെത്തി. രണ്ട് മണ്ഡലങ്ങളിലും ബിജെപി വന്‍തോതില്‍ പണമിറക്കുകയാണെന്നും ഇതുസംബന്ധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മണലൂരിലാണ് ബിജെപി കൂടുതല്‍ പണം ഒഴുക്കുന്നത്. കിറ്റും പണവും നല്‍കി അട്ടിമറിക്കാനാണ് ശ്രമം എന്നും നേതാക്കള്‍ പറഞ്ഞു.






