
മാച്ചെര്‍ല ടൗണ്‍: ആന്ധ്രാപ്രദേശിലെ മാച്ചെര്‍ലയില്‍ കാമുകനെ വിവാഹം കഴിച്ചതിന്റെ പേരില്‍ 22 വയസ്സുകാരി ചൗഡേശ്വരിയെയാണ് വീട്ടുകാര്‍ കൊലപ്പെടുത്തിയത്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വീട്ടുകാര്‍ വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് യുവതി കാമുകനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
മാര്‍ച്ച് 4-നായിരുന്നു യുവതി വീടുവിട്ടിറങ്ങിയത്. ഇതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 15-ന് ദമ്പതികളെ കണ്ടെത്തിയ മാച്ചെര്‍ല ടൗണ്‍ സി.ഐ, യുവതിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യയാണെന്നാണ് വീട്ടുകാര്‍ ആദ്യം അവകാശപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോള്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. മകളുടെ വിവാഹത്തിലുള്ള ദേഷ്യം കാരണം കൊലപാതകം നടത്തിയ പിതാവ് ചന്ദ്രശ്രീനുവിനെയും മറ്റൊരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി കൊലപാതകം മറച്ചുവെക്കാന്‍ ശ്രമിച്ചതിനാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തത്. പ്രതികളുടെ ബാങ്ക് രേഖകളും പണമിടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്. കുറ്റം തെളിഞ്ഞാല്‍ ഗൂഢാലോചന, കൈക്കൂലി വാങ്ങല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും.






