
തന്റെ പ്രിയപ്പെട്ട നായയെ വിഷം നൽകി കൊന്ന അയൽവാസിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയ യുവതി. ചൈനയിലെ ബെയ്ജിംഗ് സ്വദേശിയായ ലി യിഹാനാണ് തന്റെ നായയ്ക്ക് നീതി തേടിയുള്ള യാത്രയ്ക്കായി ജോലിയും സ്വകാര്യ ജീവിതവും മാറ്റിവെച്ചത്.
2022-ലാണ് ലി യിഹാന്റെ പാപ്പി എന്ന 13 വയസ്സുള്ള നായയെ അയൽവാസി കൊല്ലുന്നത്. ബെയ്ജിംഗിലെ ഒരു പാർക്കിൽ വെച്ച് ചിക്കൻ കഷ്ണങ്ങളിൽ സോഡിയം ഫ്ലൂറോഅസറ്റേറ്റ് എന്ന വിഷം കലർത്തി നൽകിയാണ് നായയെ കൊന്നത്. അന്ന് പാപ്പിയെ കൂടാതെ മറ്റ് പത്ത് നായ്ക്കൾ കൂടി വിഷബാധയേൽക്കുകയും അതിൽ ഒൻപതെണ്ണത്തിനും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അയൽവാസിയായ സാങ് എന്ന 65 -കാരനാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
ചൈനയിൽ മൃഗസംരക്ഷണത്തിനായി ശക്തമായ നിയമങ്ങൾ ഇല്ലാത്തതിനാൽ തന്നെ ലിയുടെ പോരാട്ടം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ, പാപ്പിയെ സ്വന്തം മകനെപ്പോലെ കണ്ടിരുന്ന ലി പിൻമാറാൻ തയ്യാറായില്ല. പോരാട്ടത്തിനായി അവൾ തന്റെ ജോലി രാജിവെച്ചു. മൂന്ന് വർഷത്തോളം എല്ലാത്തിൽ നിന്നും വിട്ടുനിന്നു. സിവിൽ കോഡ്, ക്രിമിനൽ നിയമം എന്നിവ സ്വയം പഠിക്കുകയും കേസിനായി തയ്യാറെടുക്കുകയും ചെയ്തു. സ്വന്തം കേസിന് പുറമെ, മറ്റ് 10 നായകൾക്ക് വേണ്ടിയും കോടതിയിൽ വാദിച്ചത് ലി തന്നെയാണ്.
അങ്ങനെ, 2025 ഡിസംബറിൽ കോടതിവിധി വന്നു. അപകടകരമായ വസ്തു കൈവശം വെച്ച കുറ്റത്തിന് പ്രതിയായ സാങ്ങിന് നാല് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. വളർത്തുമൃഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണിതെന്ന് ലി പറയുന്നു.






