
തൃശൂര്‍: വാടാനപ്പള്ളിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് കണ്ടെടുത്തതില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ദേവന്. യുഡിഎഫും എല്‍ഡിഎഫും പറയുന്നത് നുണയാണെന്ന് ദേവന് മാധ്യമങ്ങളോട് പറഞ്ഞു. വാടാനപ്പള്ളിയിലെത്തിയത് കുടുംബയോഗത്തിനാണെന്നും ചായ കുടിക്കാനാണ് ഗോഡൗണിന് മുകളിലുള്ള വീട്ടിലെത്തിയതെന്നും ദേവന് പറഞ്ഞു .
കിറ്റ് വിതരണം ഉണ്ടായിട്ടില്ലെന്നും കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഒരു പ്രസ്ഥാനമല്ല ബിജെപിയെന്നും ദേവന് പറഞ്ഞു. സിസിടിവിയില്‍ സത്യമല്ലേ വരുകയുള്ളു. ഞാന്‍ ഒന്നും കണ്ടിട്ടില്ല. അവരുടെ വീട്ടില്‍ ചായയും കുടിച്ചിരിക്കുമ്പോഴാണ് ബഹളം കേട്ടത്. കിറ്റ് വിതരണം ചെയ്തു എന്നത് നൂറ് ശതമാനം അടിസ്ഥാനമില്ലാത്ത ഒരു പച്ച നുണയാണ് – ദേവന് പറഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥയെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍. സിപിഐഎം പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിരോധവുമുയര്‍ത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു.
