
ഇറാനെതിരെ വിമർശനമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉടൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാവശ്യപ്പെട്ടാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് അധിക്ഷേപ പരാമർശം നടത്തിയത്.
ചൊവ്വാഴ്ച ഇറാനിലെ പവർ പ്ലാന്റുകളും അടുത്ത ദിനം പാലങ്ങളും തകർക്കും. ഭ്രാന്തൻ തെണ്ടികളേ, ഫൾൾൾ കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി- എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക, അടിസ്ഥാന സൗകര്യ ലക്ഷ്യങ്ങൾ ഇറാൻ ആക്രമിച്ചതോടെ, പിൻവാങ്ങാനുള്ള സൂചനകളൊന്നും ഇറാൻ കാണിക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പോസ്റ്റ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ, തിങ്കളാഴ്ചയോടെ തുറന്നില്ലെങ്കിൽ ആക്രമണം അഴിച്ചുവിടുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാൻ യുദ്ധവിമാനം വെടിവച്ചിട്ടതിനുശേഷം കാണാതായ ഒരു സൈനികനെ യുഎസ് പ്രത്യേക സേന രക്ഷപ്പെടുത്തിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അധിക്ഷേപകരമായ പോസ്റ്റ്. വെള്ളിയാഴ്ച എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ തകർന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിൽ-രക്ഷാപ്രവർത്തനത്തിന് ശേഷമാണ് വ്യോമസേനാ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്. വ്യോമസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില ആശ്വാസകരമാണെന്ന് ട്രംപ് പറഞ്ഞു.






