
കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ മുതല്‍ കാണുന്ന പ്രതിഭാസമാണ് ആദര്‍ശശാലികളായ സഖാക്കള്‍ സ്വന്തം പാര്‍ട്ടിക്കെതിരേ ചെയ്യുന്ന പ്രതിഷേധ വോട്ട്. ഉത്തര കേരളത്തിലും ചില തെക്കന്‍ ജില്ലകളിലും സി.പി.എം. നേതൃത്വത്തിനെതിരേ അണികള്‍ ചെയ്യുന്ന ഈ പണി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചുകൊച്ചു ഭൂകമ്പങ്ങള്‍ സൃഷ്‌ടിച്ചേക്കും. അതില്ലാതാക്കാന്‍ വേണ്ടിയാണ്, എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ തമ്പടിച്ചതും, പകരം എം. സ്വരാജിനെ നയം പറയാന്‍ ഏല്‍പിച്ചതും. കൊച്ചി പഴയ കൊച്ചിയല്ല എന്ന് ബിലാല്‍ പറഞ്ഞ പോലെ, പാര്‍ട്ടി പഴയ പാര്‍ട്ടി അല്ല.
ഈ സഖാക്കള്‍ പാര്‍ട്ടി മാത്രമല്ല, കോണ്‍ഗ്രസും ജയിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല. ഇവര്‍ ചെയ്യുന്ന വോട്ട് ബി.ജെ.പിക്ക് ആയിരിക്കും. അത് ബി.ജെ.പി. ജയിക്കാന്‍ വേണ്ടി ചെയ്യുന്നതും അല്ല. ബി.ജെ.പി. പിടിക്കുന്ന വോട്ടുകള്‍ ദോഷം ചെയ്യുന്നത് കോണ്‍ഗ്രസിനായിരിക്കും എന്ന സി.പി.എം. കണക്ക് തെറ്റിയത്, ഇങ്ങനെ സഖാക്കള്‍ ചേരി തിരിഞ്ഞത് മുതലാണ്.
ഈ പ്രതിഷേധ വോട്ട് വ്യക്‌തമാക്കുന്ന കണക്കുകള്‍ തന്നെയുണ്ട്. പിണറായി വിജയന്റെ ബൂത്തില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് 53 വോട്ട് ആയിരുന്നു;2024ല്‍ ഇത് 115 ആയി. പിണറായിക്ക് രണ്ടാമൂഴം കിട്ടിയപ്പോള്‍ പ്രതിഷേധം ഇരട്ടിച്ചു. മൊത്തത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് 2024ല്‍ 19.21% വോട്ട് കിട്ടി. 2019നെ അപേക്ഷിച്ച് 3.57% വര്‍ധന.
ബി.ജെ.പിക്ക് 2019ല്‍ 30% വോട്ട് കിട്ടിയത് തിരുവനന്തപുരം ജില്ലയില്‍ മാത്രമായിരുന്നു. 2024ല്‍ തൃശൂര്‍ 37.8, ആറ്റിങ്ങല്‍ 31.6, തിരുവനന്തപുരം 35.5.
2019ല്‍ ആറിടത്ത് ബി.ജെ.പിക്ക് ആറു ശതമാനത്തില്‍ താഴെയായിരുന്നു, വോട്ട്. കണ്ണൂര്‍ 6.5, വടകര 7.5, വയനാട് 7.21, മലപ്പുറം 7.96, ആലത്തൂര്‍ 8.81, ഇടുക്കി 8.53. 2014ല്‍ ഇത് 11. എന്നാല്‍, 2024ല്‍ ബി.ജെ.പിക്ക് 10 ശതമാനത്തില്‍ താഴെ മലപ്പുറത്ത് മാത്രമാണ്.
പത്തു മുതല്‍ 20% വരെ കിട്ടിയ മണ്ഡലങ്ങള്‍ 2019ല്‍ പത്ത്. ഇന്ന് 13.
ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ വോട്ട് ശതമാനം 17.22ല്‍നിന്ന് 28.3 ആക്കി. ബി.ജെ.പി. 2024ല്‍ ഹരിപ്പാടും കായംകുളത്തും രണ്ടാം സ്‌ഥാനത്ത് എത്തി. കെ.സി. വേണുഗോപാലിന് കൂടുതല്‍ കിട്ടിയത് 1400 വോട്ട് മാത്രം. അമ്പലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ബി.ജെ.പി. മൂന്നാം സ്‌ഥാനത്ത് എത്തിയെങ്കിലും, രണ്ടാം സ്‌ഥാനവുമായുള്ള വ്യത്യാസം വെറും 110, 191 വോട്ടുകള്‍ വീതമായിരുന്നു. ആലപ്പുഴയില്‍ 2014ല്‍ ബി.ജെ.പിക്ക് സ്വന്തം സ്‌ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ആര്‍.എസ്.പിയിലെ എ.വി. താമരാക്ഷന്‍ മൂന്നാം സ്‌ഥാനത്ത് നേടിയത് വെറും 4.31%.
ഈഴവരിലെ മാറ്റം
കോണ്‍ഗ്രസില്‍നിന്ന് മാത്രമല്ല വോട്ടുകള്‍ ബി.ജെ.പിക്ക് പോയത്;സി.പി.എമ്മിനൊപ്പം ഉറച്ചു നിന്ന ഈഴവര്‍ മാറാന്‍ തുടങ്ങി. സി.പി.എമ്മിന്റെ അടിസ്‌ഥാന വോട്ടില്‍ വിള്ളല്‍ വീണു. കെ.ആര്‍. ഗൗരിയമ്മ, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നേറ്റ അപമാനം അണികള്‍ക്ക് സഹിച്ചില്ല.
ഇപ്പോള്‍ ആലപ്പുഴ നെരിപ്പോടാണ്. പിണറായി വിജയന് ജി. സുധാകരന്‍ നല്‍കിയ മറുപടിയില്‍ ഇത് വ്യക്‌തമാണ്: 'കുട്ടനാട്ടിലെ ഒരു പാടവരമ്പും കാണാത്ത പിണറായി എന്നെ വെല്ലുവിളിക്കരുത്. ആലപ്പുഴ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്.
ചെങ്ങന്നൂരിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചത് സജി. സജിയെ പുറത്താക്കുമോ? തലങ്ങും വിലങ്ങും മറിഞ്ഞും തിരിഞ്ഞും വെട്ടി പരിചയം എനിക്കുണ്ട്. എന്നെ ചെളിക്കുണ്ടിലേക്ക് ചവിട്ടി താഴ്‌ത്താനാവില്ല. ആലപ്പുഴയുടെ അസ്‌തിവാരം തോണ്ടി അവിടെ വാഴപ്പിണ്ടി കുഴിച്ചിട്ടത് നിങ്ങളാണ്.'
ഇതാണ്, ആദര്‍ശശാലികളായ സഖാക്കളുടെ പൊതുവികാരം. പാര്‍ട്ടിയുടെ അസ്‌തിവാരം തോണ്ടി കഴിഞ്ഞ ഒരു ദശകത്തില്‍ നേതൃത്വം വാഴപ്പിണ്ടി കുഴിച്ചിട്ടു. വാഴക്കന്ന് കുഴിച്ചിട്ടെങ്കില്‍ 'മുടിയാന്‍ കാലത്തെ മുച്ചീര്‍പ്പന്‍' എങ്കിലും ഉണ്ടായേനെ. ഇത്, എം.ടിയുടെ എഴുത്തില്‍ കാണുന്ന പ്രയോഗമാണ്. വഴി തെറ്റിയ ചെക്കനെതിരേ അമ്മ നടത്തുന്ന വാക് പ്രയോഗം. മലബാറില്‍ പാര്‍ട്ടി അതാണ്.
പാലക്കാട്ടെ ആലത്തൂരില്‍, എസ്.എഫ്.ഐ. മുന്‍പ് റീത്ത് വച്ച പ്രഫ: ടി.എന്‍. സരസു ബി.ജെ.പി. വോട്ട് കൂട്ടിയത്, 8.81ല്‍നിന്ന് 19 ശതമാനത്തിലേക്കാണ്. തൃശൂരില്‍ സുരേഷ് ഗോപി 9.61% കൂട്ടി. സുരേഷ് ഗോപി ഗുരുവായൂര്‍ ഒഴിച്ച് ആറു മണ്ഡലങ്ങളിലും ഒന്നാം സ്‌ഥാനത്ത് വന്നത്, സി.പി.എം. പ്രതിഷേധ വോട്ടുകള്‍ കൊണ്ടു കൂടിയാണ്. അല്ലെങ്കില്‍ ആര്‍.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലും ഒന്നാം സ്‌ഥാനത്ത് വരില്ലേല്ലാ.
വയനാട് സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിച്ചാണ് കെ.സുരേന്ദ്രന്‍ 5.79% വോട്ട് കൂട്ടിയത് 13%.
ഉത്തര കേരളത്തിലെ ഇടതു കോട്ടകളില്‍ ബി.ജെ.പി. വോട്ട് ഇരട്ടിപ്പിച്ചാണ് സഖാക്കള്‍ സി.പി.എമ്മിനെതിരേ പ്രതിഷേധിച്ചത്. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച ബി.ജെ.പിയുടെ എം.എല്‍. അശ്വിനി, സന്ദീപ് വാരിയരുടെ അച്‌ഛന്‍ സ്‌റ്റേഷന്‍ മാസ്‌റ്ററായിരുന്ന തൃക്കരിപ്പൂരില്‍ വോട്ട് 8652ല്‍നിന്ന് 17085 ആക്കി. വര്‍ധന 97%. പയ്യന്നൂരില്‍ 9268ല്‍നിന്ന് 18466. വര്‍ധന 99%. കല്യാശേരിയില്‍ 9854ല്‍നിന്ന് 17688. വര്‍ധന 80%. ഇവയെല്ലാം സി.പി.എം.എല്‍.എല്‍.എമാരുള്ള മണ്ഡലങ്ങള്‍.
തളിപ്പറമ്പില്‍ 8659ല്‍നിന്ന് 16706. വര്‍ധന 93%. 2019ല്‍ കെ. സുധാകരന്‍ തളിപ്പറമ്പില്‍ പി.കെ. ശ്രീമതിയെക്കാള്‍ 725 വോട്ട് കൂടുതല്‍ നേടി. 2024ല്‍ സുധാകരന്‍ തന്നെ ഇവിടെ 8728 വോട്ടിന് മുന്നിലെത്തി. പയ്യന്നൂരും തളിപ്പറമ്പും സി.പി.എമ്മിന്റെ ഉറച്ച മണ്ഡലങ്ങള്‍ അല്ലാതായി. പയ്യന്നൂര്‍ രക്‌തസാക്ഷി ഫണ്ട് കണക്ക് കിട്ടിയ ശേഷമേ സതീശന്‍ ചൂരല്‍മല ഫണ്ട് എവിടെപ്പോയെന്ന് വെളിപ്പെടുത്താവൂ.
പിണറായിയുടെ ധര്‍മടം മണ്ഡലത്തില്‍ ബി.ജെ.പി. നേടിയത് 16711 വോട്ടാണ് 95% വര്‍ധന. പിണറായിയുടെ ബൂത്തിലും മണ്ഡലത്തിലും സഖാക്കള്‍ തിരിഞ്ഞു കുത്തി.
ഇതാണ്, സഖാക്കളുടെ രാഷ്‌ട്രീയ പ്രതിഷേധം. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് ചോദിച്ചാല്‍, മൂലധനശക്‌തികളുമായും വര്‍ഗീയശക്‌തികളുമായും സി.പി.എം. നേതൃത്വം കൈകോര്‍ത്തത് സഖാക്കള്‍ കാണുന്നു. കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി കൈകോര്‍ക്കുമ്പോള്‍ സി.പി.എം. അതിനെ വര്‍ഗീയ സംഘടനയായി കാണുന്നു. കൂടെ നില്‍ക്കുമ്പോള്‍ അത് മതേതരമാണ്.
ജമാ അത്തെ ഇസ്ലാമി ഭീകര സംഘനയാണെന്ന് 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം കൊടുത്തു. അന്ന് ചെന്നിത്തല ആഭ്യന്തരമന്ത്രി. ഈ സംഘടനയെ നിരോധിക്കാന്‍ ആവശ്യപ്പെട്ട് അബ്‌ദുസമദ് വാഴക്കാല കൊടുത്ത കേസിലായിരുന്നു, ഇത്. തുടര്‍ന്നു വന്ന പിണറായി സര്‍ക്കാര്‍ ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായി സമിതിയെ വച്ച് അവരുടെ 14 പുസ്‌തകങ്ങളില്‍ ദേശവിരുദ്ധമായോ മതേതര വിരുദ്ധമായോ ഒന്നുമില്ലെന്ന് കണ്ടെത്തി. അബ്‌ദുസമദ് ഹര്‍ജി പിന്‍വലിച്ചു.
വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ 2008 നവംബര്‍ 26ന് നിയമസഭയില്‍ ജമാ അത്തെ ഇസ്ലാമിയെ ന്യായീകരിച്ചു. ആര്യാടന്‍ മുഹമ്മദ് ആ സംഘടനയെ എതിര്‍ക്കുന്നത് അദ്ദേഹത്തിന്റെ മൃദു ഹിന്ദുത്വം കാരണമാണെന്ന് കോടിയേരി വിമര്‍ശിച്ചു. ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് പക്ഷത്തു കാണുമ്പോള്‍, കരയണോ, ചിരിക്കണോ?



