
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് തബു. പ്രമുഖ നടിയായ ശബാന ആസ്മിയുടെ സഹോദരിയുടെ മകള്‍ കൂടിയായ തബു കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും തന്റേതായ ഇരിപ്പിടം കാത്തുസൂക്ഷിക്കാനും മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും തബുവിന് കഴിയുന്നുണ്ട്.
പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭൂത് ബംഗ്ലയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് താരം. അതിന്റെ പ്രൊമോഷനും മറ്റുമായി നല്ല തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ഒരു സുപ്രധാന ജന്മദിന നിമിഷത്തെക്കുറിച്ച് ഓർമ്മകള്‍ പങ്കിടുകയാണ് തബു. ഇതിഹാസ ഗായിക ആശാ ഭോസ്ലെ തനിക്ക് ഒരു ഗിറ്റാർ സമ്മാനമായി നൽകിയ സംഭവമാണ് താരം പങ്കിട്ടിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങളിലൊന്നാണ് ഇതെന്നാണ് തബു വിശേഷിപ്പിച്ചിരിക്കുന്നത്. ‘‘നിങ്ങളുടെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങളെക്കുറിച്ച് പറയൂ..
നിങ്ങൾ ഒരിക്കലും മറക്കാത്ത നിമിഷങ്ങളെക്കുറിച്ച് പറയൂ.
നിങ്ങളെ ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുന്നതെന്താണെന്ന് പറയൂ...
നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സ്വത്തുക്കളെക്കുറിച്ച് പറയൂ.
നവംബറിൽ എന്റെ ജന്മദിനമായിരുന്നു അത്, എന്റെ വാതിലിലൂടെ..ഈ സൗന്ദര്യം..ഈ ഗിറ്റാർ..ആഷാജി എനിക്ക് നൽകിയ സമ്മാനം.
എനിക്ക് തോന്നുന്ന നന്ദി വാക്കുകൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല...എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഞാൻ താങ്കളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു, ആഷാജി...താങ്കളുടെ പാട്ടുകളിലൂടെ ഞങ്ങൾക്ക് സ്നേഹവും വാഞ്ഛയും...വേദനയും അഭിനിവേശവും തോന്നിയിട്ടുണ്ട്..
ഞാൻ ഇത് ജീവിതകാലം മുഴുവൻ നിലനിർത്തും, എപ്പോഴെങ്കിലും എനിക്ക് ഇതിൽ താങ്കളുടെ പാട്ടുകൾ നിങ്ങൾക്ക് വായിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’’ എന്നാണ് ആഷ ഭോസ്ലെയ്ക്കൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ പങ്കിട്ട് തബു കുറിച്ചിരിക്കുന്നത്. ആശാ ഭോസ്ലെയുടെ കൈയിൽ ചുംബിച്ചുകൊണ്ട് തബു തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന ചിത്രവും, മറ്റൊരു ചിത്രത്തിൽ ഇരുവരും ഊഷ്മളമായ ആലിംഗനം പങ്കിടുന്നതും കാണാം. ഒരു ചിത്രത്തിൽ ആശ ഭോസ്ലെ തന്റെ ജന്മദിനത്തിൽ തബുവിന് സമ്മാനമായി നൽകിയ ഗിറ്റാർ പിടിച്ചു നിൽക്കുന്നതുമുണ്ട്. ആശ ഭോസ്ലെയും ആ പ്രശസ്ത ഗായികയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ ചിത്രങ്ങളും ആ പ്രിയപ്പെട്ട ഓർമ്മകളുടെ ഒരു നേർക്കാഴ്ചയും ഈ ചിത്രങ്ങൾ നൽകുന്നു.
ഏപ്രിൽ 16 നാണ് ഭൂത് ബംഗ്ല തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും അവസാനമായി ഒന്നിച്ച 2010 ൽ പുറത്തിറങ്ങിയ ഖട്ട മീഠയ്ക്കു ശേഷമുള്ള ചിത്രമാണിത്.
തബു, പരേഷ് റാവൽ, രാജ്പാൽ യാദവ്, വാമിക ഗബ്ബി, അന്തരിച്ച നടൻ അസ്രാനി എന്നിവരുൾപ്പെടെ വലിയൊരു താരനിര തന്നെ ഭൂത് ബംഗ്ലയിൽ അഭിനയിക്കുന്നുണ്ട്. ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഒരു വിഭാഗമായ ബാലാജി മോഷൻ പിക്ചേഴ്സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രം അക്ഷയ് കുമാർ, ശോഭ കപൂർ, ഏക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.






