
നമ്മുടെ ഒരു ദിവസം എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്നത് ആ ദിവസത്തെ ആദ്യ മണിക്കൂറുകളാണ്. ശരീരത്തിലെ വീക്കം (Inflammation) കുറയ്ക്കാനും, അനാവശ്യമായ വയറ്റിലെ കൊഴുപ്പ് അകറ്റാനും, ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന തന്റെ 8 ഘട്ടങ്ങളുള്ള 'പവര്‍ മോര്‍ണിംഗ്' ദിനചര്യ പങ്കുവെച്ചിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. നമ്മുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കാനും ശരീരത്തെ സ്വയം സുഖപ്പെടുത്താന്‍ പ്രാപ്തമാക്കാനും ഈ ലളിതമായ ശീലങ്ങള്‍ സഹായിക്കും. വെറും 21 ദിവസം ഈ ദിനചര്യ പിന്തുടരുന്നത് ശരീരത്തിനും മനസ്സിനും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സാമന്ത ഉറപ്പുനല്‍കുന്നു.
എന്തുകൊണ്ടാണ് ഈ പ്രഭാത ദിനചര്യ ?
നമ്മള്‍ ഉണരുമ്പോള്‍ ശരീരത്തിലെ സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ (Stress hormones) സ്വാഭാവികമായും ഉയര്‍ന്ന നിലയിലായിരിക്കും. ആ സമയത്ത് ഫോണ്‍ ഉപയോഗിക്കുകയോ വാര്‍ത്തകള്‍ ശ്രദ്ധിക്കുകയോ ചെയ്യുന്നത് സമ്മര്‍ദ്ദം ഇരട്ടിയാക്കാന്‍ കാരണമാകും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ശരീരത്തിന്റെ സ്വാഭാവികമായ അറ്റകുറ്റപ്പണികള്‍ക്കും തടസ്സമാകും.
ശരീരത്തിലെ വീക്കം കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്ന 8 ശീലങ്ങള്‍ ഇവയാണ്.....
സാമന്തയുടെ 8 പ്രഭാത ശീലങ്ങള്‍
1. ഫോണ്‍ ഒഴിവാക്കുക : ഉണര്‍ന്ന് കഴിഞ്ഞുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കരുത്.
2. ശ്വസന വ്യായാമം : അഞ്ച് മിനിറ്റ് നേരം നിശബ്ദമായി ഇരുന്ന് ആഴത്തില്‍ ശ്വസിക്കുക. ഇത് 'വാഗസ് നാഡി'യെ (Vagus nerve) ഉത്തേജിപ്പിക്കുകയും ശരീരം സുരക്ഷിതമാണെന്ന സന്ദേശം തലച്ചോറിന് നല്‍കുകയും ചെയ്യുന്നു. സമ്മര്‍ദ്ദമില്ലാത്ത തലച്ചോര്‍ കൊഴുപ്പ് കുറയ്ക്കാനും ശരീരം വേഗത്തില്‍ സുഖപ്പെടാനും സഹായിക്കും.
3. സൂര്യപ്രകാശം : ഉറക്കമുണര്‍ന്ന് 10 മിനിറ്റിനുള്ളില്‍ മുഖത്ത് സൂര്യപ്രകാശം ഏല്‍ക്കുക.
4. പ്രത്യേക പാനീയം (Elixir) : ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര്, മഞ്ഞള്‍, ആപ്പിള്‍ സിഡെര്‍ വിനഗര്‍, കായീന്‍ കുരുമുളക് (ആവശ്യമെങ്കില്‍), അല്പം ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് കുടിക്കുക.
5. സമീകൃത പ്രഭാതഭക്ഷണം : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന സമീകൃതമായ പ്രഭാതഭക്ഷണം കഴിക്കുക. ഇത് പിന്നീട് മധുരപലഹാരങ്ങള്‍ കഴിക്കാനുള്ള തോന്നല്‍ ഇല്ലാതാക്കും.
6. ശാരീരിക വ്യായാമം : രാവിലെ 11 മണിക്ക് മുന്‍പായി എന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുക.
7. കാപ്പിയോ ചായയോ : പ്രഭാതഭക്ഷണത്തിന് ശേഷം മാത്രം ചായയോ കാപ്പിയോ കുടിക്കുക.
8. ലക്ഷ്യം നിശ്ചയിക്കുക : ആ ദിവസം നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുക. ഇത് തലച്ചോറിന് കൃത്യമായ ലക്ഷ്യബോധം നല്‍കുകയും അനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ തിരിയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.






