
നമ്മളില്‍ പലരും കാര്യമായി ശ്രദ്ധിക്കാത്ത ഒരു ദിനചര്യ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുമെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ. സഞ്ജയ് ഭോജ്രാജ് മുന്നറിയിപ്പ് നല്‍കുന്നു. 'തുടര്‍ച്ചയായ ഇരുപ്പ്' അഥവാ ശാരീരിക അധ്വാനമില്ലായ്മയാണ് ഈ അപകടകാരിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള ഡോ. സഞ്ജയ് ഭോജ്രാജ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. 'ഭക്ഷണക്രമത്തെക്കുറിച്ചോ പുകവലിയെക്കുറിച്ചോ പലരും ബോധവാന്മാരാണെങ്കിലും, ശാരീരിക ചലനങ്ങളുടെ അഭാവമാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണമെന്ന്' ഡോ. ഭോജ്രാജ് പറയുന്നു. അദ്ദേഹം തന്റെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത് ഇവയാണ്:
* രക്തചംക്രമണം മന്ദഗതിയിലാകുന്നു : മണിക്കൂറുകളോളം അനങ്ങാതെ ഇരിക്കുന്നത് രക്തപ്രവാഹത്തെ ബാധിക്കുന്നു.
* രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നു : ഇത് പ്രമേഹത്തിലേക്കും മറ്റ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.
* രക്തം കട്ടപിടിക്കാനുള്ള സാധ്യത (Clot risk) : തുടര്‍ച്ചയായ ഇരുപ്പ് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു, ഇത് ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ (Stroke) നയിച്ചേക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഠിനമായ ജിം വര്‍ക്കൗട്ടുകള്‍ വേണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നില്ല. പകരം ലളിതമായ ചില മാറ്റങ്ങളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്:
* ഓരോ 30-60 മിനിറ്റിലും എഴുന്നേറ്റ് നില്‍ക്കുക.
* അല്പനേരം നടക്കുക.
* കുറച്ച് സ്‌ക്വാറ്റുകള്‍ (Squats) ചെയ്യുക.
* ശരീരത്തിന് എന്നും ചലനം നല്‍കുക.
ലോകാരോഗ്യ സംഘടനയുടെ (WHO) 2024-ലെ റിപ്പോര്‍ട്ടുകള്‍ ഡോ. ഭോജ്രാജിന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നു. ശാരീരിക അധ്വാനമില്ലാത്തവര്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 20 മുതല്‍ 30 ശതമാനം വരെ കൂടുതലാണ്. അമിതവണ്ണത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രധാന കാരണം ഇത്തരത്തിലുള്ള ഉദാസീനമായ ജീവിതശൈലിയാണ്.
ശാരീരിക അധ്വാനമില്ലാത്തതുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ ആഗോളതലത്തില്‍ പ്രതിവര്‍ഷം ഏകദേശം 27 ബില്യണ്‍ ഡോളര്‍ ചെലവാകുന്നുണ്ടെന്ന് 2022-ലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരം ചലനത്തിനായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. എന്നാല്‍ ആധുനിക കാലത്തെ ഡെസ്‌ക് ജോലികളും സോഫയിലിരുന്നുള്ള വിശ്രമവും മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകള്‍ക്ക് വിരുദ്ധമാണെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.






