
നൗ ക്യാമ്പ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി അത്‌ലറ്റിക്കോ മഡ്രിഡ് സെമി പ്രതീക്ഷകൾ സജീവമാക്കി. പത്തുപേരായി ചുരുങ്ങിയ ബാഴ്‌സയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റിക്കോ പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസ്, അലക്‌സാണ്ടർ സോർലോത്ത് എന്നിവരാണ് സന്ദർശകർക്കായി വലകുലുക്കിയത്.
മത്സരത്തിലുടനീളം പന്തടക്കത്തിൽ ബാഴ്‌സ മുന്നിട്ടുനിന്നെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷങ്ങൾ കളി മാറ്റിമറിച്ചു. അത്‌ലറ്റിക്കോ താരം ജൂലിയാനോ സിമിയോണിയെ ഫൗൾ ചെയ്തതിന് യുവ പ്രതിരോധ താരം പൗ കുബാർസി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബാഴ്‌സയ്ക്ക് കനത്ത പ്രഹരമായി. ഈ ഫൗളിന് ലഭിച്ച ഫ്രീ-കിക്ക് മനോഹരമായ ഒരു ഗോളിലൂടെ ജൂലിയൻ അൽവാരസ് ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയിൽ ഒരാൾ കുറവാണെന്ന പരിമിതി മറന്ന് ബാഴ്‌സ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഭാഗ്യം കൂടെയുണ്ടായിരുന്നില്ല. മാർക്കസ് റാഷ്‌ഫോർഡിന്റെ തകർപ്പൻ ഫ്രീ-കിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചത് ആരാധകരെ നിരാശരാക്കി. 24 തവണ ബാഴ്‌സ ഗോളിനായി ശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോയുടെ പ്രതിരോധം ഇളകിയില്ല. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മാറ്റിയോ റുഗേരിയുടെ പാസിൽ നിന്ന് സോർലോത്ത് രണ്ടാം ഗോളും നേടിയതോടെ ബാഴ്‌സയുടെ പതനം പൂർത്തിയായി. അടുത്ത ചൊവ്വാഴ്ച മഡ്രിഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ മൂന്ന് ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമേ ഹാൻസി ഫ്ലിക്കിനും സംഘത്തിനും ഇനി മുന്നേറാൻ സാധിക്കൂ.





