
ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കാന്‍ ഏതറ്റം വരെയും പോയി വിചിത്രമായ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ കുറവായിരിക്കും. അമേരിക്കന്‍ പോഡ്കാസ്റ്ററും സെലിബ്രിറ്റിയുമായ ജോ റോഗന്‍ അത്തരത്തില്‍ അസാധാരണമായ ഒരു പരീക്ഷണത്തിന് വിധേയനായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്ലാസ്മ നീക്കം ചെയ്തതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണിത് സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത്. ശരീരത്തില്‍ നിന്നും വീക്കമുണ്ടാക്കുന്ന പ്രോട്ടീനുകളും വിഷവസ്തുക്കളും നീക്കം ചെയ്യാനാണ് ഈ ചികിത്സയെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ക്കായി ജോ റോഗന്‍ തിരഞ്ഞെടുത്തത് ഓറഞ്ച് നിറത്തിലുള്ള ദ്രാവകം അടങ്ങിയ ബാഗുകളുമായി നില്ക്കുന്ന ചിത്രങ്ങളായിരുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വാഹനങ്ങളുടെ ഓയില്‍ മാറ്റുന്നതുപോലെയുള്ള ലളിതമായ പ്രക്രിയയാണിത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇങ്ങനെയൊരു ചികിത്സ തേടുന്നത് വിചിത്രമായി തോന്നാമെങ്കിലും തനിക്ക് അറിയുന്ന പലരും ഈ ചികിത്സ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്നും റോഗന്‍ പറയുന്നുണ്ട്. അവരുടെ രോഗങ്ങള്‍ കുറഞ്ഞതായും മികച്ച ഉറക്കം ലഭിച്ചതായും അദ്ദേഹം തന്റെ പോസ്റ്റിലൂടെ അവകാശപ്പെടുന്നു.
രക്തത്തില്‍ നിന്നും മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള ദ്രാവകം വേര്‍പ്പെടുത്തിയെടുത്തത് കണ്ട് തനിക്ക് ഏറെ കൗതുകം തോന്നി എന്ന് റോഗന്‍ വെളിപ്പെടുത്തി. പ്ലാസ്മ നീക്കം ചെയ്തതിലൂടെ മെറ്റലിന്റെ അംശങ്ങളും മൈക്രോ പ്ലാസ്റ്റിക്കുകളും ശരീരത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതായി അദ്ദേഹം വിശ്വസിക്കുന്നു. ഇനി തന്റെ ശരീരത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അനുഭവിച്ചറിയാനുള്ള ആകാംക്ഷയിലാണ് നിലവില്‍ താരം. വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകള്‍ക്കും വിഷാംശങ്ങള്ക്കും ഒപ്പം വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ അഴുക്കുകളും പുറത്തുപോയെന്നാണ് അദ്ദേഹത്തിന്റെ വാദം.
റോഗന്‍ പ്ലാസ്മ നീക്കം ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. റോഗനില് നിന്നും വന്‍തുക വാങ്ങിയശേഷം ബാഗുകളില്‍ ഓറഞ്ച് ജ്യൂസ് നിറച്ചു കൊടുത്ത് അദ്ദേഹത്തെ ആരോ പറ്റിച്ചു എന്ന് ഒരു വിഭാഗം പരിഹസിക്കുന്നുണ്ട്. സെലിബ്രിറ്റികളുടെ ഇത്തരം വിചിത്ര പരീക്ഷണങ്ങള്‍ കണ്ട് വീഴാന്‍ പോകുന്നില്ലെന്നും രക്തം ഫില്‍ട്ടര്‍ ചെയ്യാന്‍ സ്വന്തം വൃക്കകളെ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നും പറയുന്നവരുമുണ്ട്. ശരീരത്തിന്റെ സ്വാഭാവിക അവസ്ഥയെ കൃത്രിമമായി മാറ്റിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.






