
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ സുവര്‍ണ്ണ യുഗത്തിന്റെ അവസാനത്തെ കണ്ണി കൂടിയായ ആശാ ഭോസ്ലെയുടെ വേര്‍പാട് ആരാധകരെ ഏറെ നൊമ്പരപ്പെടുത്തുന്നുണ്ട്. വാർദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങളെത്തുടർന്ന് 92-ാം വയസ്സില്‍ ആശാ ഭോസ്ലെ എന്ന അനശ്വര ഗായിക വേര്‍പെട്ടപ്പോള്‍ ആ വിയോഗം ഇന്ത്യൻ സംഗീത ശാഖയ്ക്ക് ഒരു തീരാനഷ്ടമായി മാറി.
എട്ട് ദശാബ്ദങ്ങള്‍ നീണ്ട ആശാ ജിയുടെ ഗാനങ്ങള്‍ ഇന്നും തലമുറകളുടെ ഹൃദയങ്ങളില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. സെലിബ്രിറ്റികളെല്ലാവരും ആശാ ജിയുടെ വേര്‍പാടിന്റെ നൊമ്പരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. എട്ട് പതിറ്റാണ്ട് നീളുന്ന ആശാ ഭോസ്ലെയുടെ സംഗീത യാത്രയെക്കുറിച്ചും തമ്മില്‍ കാണാനും സംസാരിക്കാനും പറ്റിയ നിമിഷങ്ങളുമടക്കം പങ്കിട്ടാണ് പലരും ഈ വിയോഗം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ പങ്കിട്ട വരികളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കിംഗ് ഖാന്‍ ആശാ ജിയുടെ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്. ആശാ ജിയുടെ കവിളിൽ ഉമ്മ കൊടുക്കുന്ന ഹൃദയസ്പർശിയായ ചിത്രം പങ്കിട്ടാണ് ഷാരൂഖിന്റെ പോസ്റ്റ്.
‘‘ആശാ തായിയുടെ വിയോഗവാർത്ത കേട്ടപ്പോൾ ശരിക്കും സങ്കടമായി... ഇന്ത്യൻ സിനിമയുടെ നെടുംതൂണുകളിൽ ഒന്നായിരുന്നു അവരുടെ ശബ്ദം, വരും നൂറ്റാണ്ടുകളിലും അത് ലോകമെമ്പാടും പ്രതിധ്വനിക്കും. പലരെയും മറികടക്കുന്ന ഒരു പ്രതിഭ, അവർ എപ്പോഴും എനിക്ക് അനുഗ്രഹങ്ങളും സ്നേഹവും നൽകി, ഞാൻ അവരെ മിസ് ചെയ്യും. സമാധാനത്തോടെ വിശ്രമിക്കൂ ആശാ തായി...ലവ് യൂ...’’ എന്നാണ് ഷാരൂഖ് ഖാന്‍ കുറിച്ചിരിക്കുന്നത്.
ഏത് ഭാഷയും അതിന്റെ തനതായ ശൈലിയില്‍ ഉച്ചാരണശുദ്ധിയോടെ പ്രയോഗിക്കാനുള്ള കഴിവാണ് ആശാ ഭോസ്ലയെ കാലങ്ങള്‍ക്കിപ്പുറവും ഏവരുടെയും പ്രിയപ്പെട്ട ഗായികയാക്കി നിര്‍ത്തുന്നത്.ഹിന്ദിക്ക് പുറമെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷയിലും ഗാനങ്ങള്‍ ആലപിച്ച ആശാജി മലയാളത്തിനും തന്റെ ശബ്ദമാധുര്യം പകര്‍ന്നു നല്‍കിയിട്ടുണ്ട്. ബോളിവുഡിന്റെ ഹൃദയമിടിപ്പായി മാറിയ ഒരു ശബ്ദം കൂടിയായിരുന്നു ആശാ ഭോസ്ലെയുടേത്.






