
ഹേഗ്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സമില്ലാതെ തുടരാന്‍ അന്താരാഷ്ട്ര സമൂഹം ജാഗ്രത കാട്ടണമെന്നും മേഖലയിലെ സമാധാന ചര്‍ച്ചകള്‍ക്ക് മൂന്‍ഗണന നല്‍കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. നിലവിലെ പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നല്കുന്നു. അതേസമയം തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ പരിഹാരം കാണണമെന്ന് ഇറാന് ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.
എന്നാല്‍ ഇറാനുമായി ഒരു ധാരണയിലെത്തുന്നതിന് അനുകൂലമായ സൂചനകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചത്. ഇറാന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ചര്‍ച്ചകള്‍ക്കായി തന്നെ സമീപിച്ചുവെന്നും ഒരു ഉടമ്പടിയിലെത്താന്‍ അവര്‍ സന്നദ്ധരാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഏകദേശം 20,000 നാവികരാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നത് നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കും അവിടേക്ക് വരുന്ന ചരക്ക് കപ്പലുകള്‍ക്കും മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധമാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. ഉപരോധം കടുപ്പിക്കാന്‍ അമേരിക്കന്‍ നാവികസേനയ്ക്ക് പ്രസിഡന്റ് ട്രംപ് നേരിട്ട് നിര്‍ദേശം നല്‍കിയതോടെയാണ് യുഎന്‍ ഇടപെടല്‍ ശക്തമായത്.






