
തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാനേജ്മെന്റ് ഉചിതമായ നിലപാട് എടുക്കും വരെ പ്രതിഷേധമെന്ന് വിദ്യാര്‍ത്ഥികള്‍. അദ്ധ്യാപകന് റാമിനെതിരേ നടപടിയെടുക്കണമെന്നും മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഇന്ന് തന്നെ ചര്‍ച്ചയ്ക്ക് എത്തണമെന്നും അല്ലാത്തപക്ഷം ക്ലാസ്സുകള്‍ ബഹിഷ്ക്കരിക്കുന്നത് തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടന്നിട്ട് നാലു ദിവസമായിട്ടും മാനേജ്മെന്റുമായി കോണ്ടാക്ട് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചിട്ടും ഇതുവരെ ആരും പ്രതികരിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആരോപണവിധേയനായ റാം മാനേജ്മെന്റിന്റെ ആളാണെന്നും റാമിനെതിരേ നടപടിയെടുക്കുക എന്നതാണ് പ്രധാന ആവശ്യമെന്നും കുട്ടികള്‍ പറഞ്ഞു. റാമിനെതിരേ മുമ്പും കുട്ടികള്‍ വാക്കാലും രേഖാമൂലവും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ആരും നടപടിയെടുത്തിട്ടില്ല. മാനേജ്മെന്റ് ആരാണെന്ന് പോലും അറിയില്ലെന്നും കുട്ടികള്‍ പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ട ആരും ഇതുവരെ സംസാരിക്കാന്‍ എത്തിയിട്ടില്ല. എന്നാല്‍ അവര്‍ ഇന്ന് തച്ചെ ചര്‍ച്ചയ്ക്ക് തയ്യാറാകണം. പുതിയ പ്രിന്‍സിപ്പല്‍ വന്നിട്ട് മൂന്നാമാസമേ ആയിട്ടുള്ളു എന്നാല്‍ ഒരു വര്‍ഷം മുമ്പ് പരാതികൊടുത്തിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയാനായ റാം ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. അതേസമയം ലോണ്‍ആപ്പില്‍ നിന്നുള്ള ഭീഷണിയാണ് നിതിന്‍ മരിക്കാന്‍ കാരണമെന്നാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്.






