
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനോടും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത റോഡുകളോടും മല്ലിട്ട് സുഹൃത്തിനെ കാണാന്‍ 12 കിലോമീറ്റര്‍ ഓടിയ കീര്‍ത്തി പുര്‍സ്വാനി എന്ന യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സര്‍ജാപൂരില്‍ നിന്ന് മഹാദേവപുര വരെ പുലര്‍ച്ചെ ഓടിയെത്തിയ തന്റെ സാഹസിക യാത്ര ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് കീര്‍ത്തി പങ്കുവെച്ചത്. ഗൂഗിളില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ നേരില്‍ കാണുക, ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുക എന്നതായിരുന്നു ഈ നീണ്ട ഓട്ടത്തിന് പിന്നിലെ ലക്ഷ്യം.
രാവിലെ ആറ് മണിക്ക് യാത്ര തുടങ്ങിയ കീര്‍ത്തിക്ക് തുടക്കത്തില്‍ തന്നെ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. വെറും രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഹൃദയമിടിപ്പ് 174-ലേക്ക് ഉയരുകയും ശാരീരികമായ വേദന അനുഭവപ്പെടുകയും ചെയ്തു. മാറത്തഹള്ളി ഭാഗത്തെത്തിയതോടെ ഗതാഗതക്കുരുക്കും പൊടിപടലങ്ങളും യാത്ര കഠിനമാക്കി. കണ്ണട കരുതാന്‍ മറന്നതില്‍ ഖേദിച്ചുകൊണ്ട്, ബെംഗളൂരുവിലെ മലിനീകരണത്തെയും ട്രാഫിക്കിനെയും അതിജീവിച്ചാണ് കീര്‍ത്തി മുന്നോട്ട് നീങ്ങിയത്.
യാത്രയുടെ അവസാന ഘട്ടം അതിസാഹസികമായിരുന്നു. പത്ത് കിലോമീറ്റര്‍ പിന്നിട്ടതോടെ നടപ്പാതകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. അവസാനത്തെ രണ്ട് കിലോമീറ്റര്‍ തിരക്കേറിയ വാഹനങ്ങള്‍ക്കിടയിലൂടെ ജീവന് പണയം വെച്ചാണ് ഓടിയതെന്ന് കീര്‍ത്തി പറയുന്നു. ബെംഗളൂരു റോഡുകളിലൂടെയുള്ള ഈ യാത്ര പ്രശസ്തമായ 'ടക്കേഷിസ് കാസില്‍' ഗെയിം കളിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് അവര്‍ തമാശരൂപേണ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.
ഏകദേശം ഒരു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് സുഹൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കീര്‍ത്തിയെ കാത്തിരുന്നത് നിരാശയായിരുന്നു. അപ്പോഴേക്കും സുഹൃത്ത് ഓഫീസിലേക്ക് പോയിരുന്നു. 'ഗൂഗിളില്‍ ജോലി ചെയ്യുന്നവരെ ബെസ്റ്റ് ഫ്രണ്ട് ആക്കരുത്' എന്ന് തമാശയായി പറഞ്ഞുകൊണ്ടാണ് കീര്‍ത്തി വീഡിയോ അവസാനിപ്പിക്കുന്നത്. ബെംഗളൂരുവിലെ തകര്‍ന്ന റോഡുകളെയും നടപ്പാതകളുടെ അഭാവത്തെയും തുറന്നുകാട്ടുന്ന ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.






