
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടുസംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫെയ്സ്ബുക്കിലൂടെയാണ് പ്രതിപക്ഷത്തിനെതിരെ ജെയ്റ്റ്ലി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
നിലവിലെ പ്രതിനിധിക്ക് പാര്‍ട്ടിയെയോ രാജ്യത്തേയോ നയിക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം കുറിക്കുന്നു. കുടുംബാധിപത്യത്തിന് തിരിച്ചടിയേറ്റു തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. കുടുംബാധിപത്യത്തിന് പിന്തുണ നല്കുന്ന ആള്‍ക്കൂട്ടം മാത്രമായി ഇപ്പോള്‍ കോണ്‍ഗ്രസ് മാറി. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രതിശ്ചായ ഇതിന് നഷ്ടപെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് സാധാരണക്കാരന്റെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ത്തത് ബിജെപിക്ക് ജനപ്രീതി വര്‍ദ്ധിപ്പിച്ചു.
ഇന്ന് കോണ്‍ഗ്രസില്‍ മികച്ച നേതാക്കള്‍ വളര്ന്നുവരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ക്ക് തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.






