
വ്യത്യസ്തമായ ആശയങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന 'ഡീലക്സ് ഭയ്യാജി' എന്ന ഇന്‍ഫ്ലുവന്‍സറുടെ പുതിയ പരീക്ഷണമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നത്. ഒരു ലക്ഷം രൂപ വാടക നല്കി എടുത്ത റോള്‍സ് റോയ്സ് കാറിലായിരുന്നു ഇദ്ദേഹത്തിന്റെ ചായ വില്‍പ്പന. 'റോയല്‍ ചായ' എന്ന് പേരിട്ട ഈ സംരംഭത്തിനായി കാറിന് മുന്നില്‍ ചുവന്ന പരവതാനി വിരിക്കുകയും മെനു ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്ത് തികച്ചും ആഡംബരപൂര്‍ണ്ണമായ അന്തരീക്ഷമാണ് ഒരുക്കിയത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരം ആഡംബര കാറുകളില്‍ കയറാന്‍ അവസരം ലഭിക്കാത്ത സാധാരണക്കാര്‍ക്ക് ചായ കുടിച്ചുകൊണ്ട് കാറിനുള്ളില്‍ ഇരിക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്.
'ഒരു റോള്‍സ് റോയ്സില്‍ ചായ വിറ്റ് എത്ര പണം സമ്പാദിക്കാം' എന്ന വെല്ലുവിളിയോടെയാണ് ഇന്‍ഫ്ലുവന്‍സര്‍ വീഡിയോ പങ്കുവെച്ചത്. ചായയ്ക്കൊപ്പം കുക്കീസും ബിസ്ക്കറ്റും ഇദ്ദേഹം വില്പനയ്ക്ക് വച്ചിരുന്നു. ഒരു ലക്ഷം രൂപ വാടകയുള്‍പ്പെടെ മൊത്തം 1,08,000 രൂപയാണ് ഈ പരീക്ഷണത്തിനായി ചെലവായത്. എന്നാല്‍ വില്പനയിലൂടെ ലഭിച്ചതാകട്ടെ 88,400 രൂപയും. സാമ്പത്തികമായി ഈ ഉദ്യമം നഷ്ടത്തിലായിരുന്നെങ്കിലും, നിരവധി ആളുകളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സംതൃപ്തനാണെന്ന് ഡീലക്സ് ഭയ്യാജി വീഡിയോയില്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയ ഈ വീഡിയോ ഇതിനോടകം ഒന്നരക്കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. പത്ത് ലക്ഷത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇന്‍ഫ്ലുവന്‍സറുടെ വിചിത്രമായ പരീക്ഷണത്തെ അഭിനന്ദിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഇത്തരം ആഡംബര ബിസിനസ്സുകള്‍ ചെയ്താല്‍ ലാഭകരമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, ശ്രദ്ധ നേടാനുള്ള വെറും പ്രകടനമാണിതെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. ഇതിനുമുമ്പ് കശ്മീരിലെ മഞ്ഞ് ഡല്‍ഹിയിലെത്തിച്ച് വിറ്റും കല്ലില്‍ ക്ലോക്ക് ഘടിപ്പിച്ചും ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.






