
തിരുവനന്തപുരം: കല്ലുമ്മേക്കായ, കക്ക തുടങ്ങിയവ കഴിക്കുന്നവര്‍ സൂക്ഷിക്കുക... ഇത്തരം ഷെല്‍ ഇനങ്ങളില്‍ പ്പെട്ട മത്സ്യങ്ങളിലും ചിലതരം മീനുകളിലും വിഷാംശത്തിനു സാധ്യതയെന്നു പഠനറിപ്പോര്‍ട്ട്. മത്സ്യത്തിന്റെ ആഹാര ശൃംഖലയില്‍പ്പെട്ട സമുദ്രത്തിലെ സൂക്ഷ്മ ആല്‍ഗകളില്‍ ചിലയിനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷാംശം മീനില്‍ വിഷാംശത്തിനു കാരണമാകുന്നതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകേ്‌നാളജിയുടെ(സിഫ്ട്) പഠനത്തില്‍ പറയുന്നു.
വിഴിഞ്ഞത്ത് ഹോട്ടലില്‍നിന്നു കടല്‍ വിഭവങ്ങള്‍ കഴിച്ചതിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണു പഠനം നടത്തിയത്. ഇത്തരം ആല്‍ഗകളെ നേരിട്ട് അകത്താക്കുന്ന മത്സ്യത്തിലും ഇവയെ ഭക്ഷിക്കുന്ന വലിയ മത്സ്യങ്ങളിലും കല്ലുമ്മേക്കായ, കക്ക തുടങ്ങി ഷെല്‍ഫിഷുകളിലും വിഷാംശം എത്താമെന്നു പഠനത്തില്‍ തെളിഞ്ഞു.
മണത്തിലോ രുചിയിലോ മാറ്റം ഇല്ലാത്തതിനാല്‍ പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. മത്സ്യം കറി വച്ചാലും വറുത്താലും ഈ വിഷാംശം ഒഴിവാക്കാനാകാത്തതിനാല്‍ സംശയകരമായ മേഖലകളിലും സാഹചര്യങ്ങളിലും ഇടയ്ക്കിടെ പരിശോധന ആവശ്യമാണെന്നു റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
'ആല്‍ഗല്‍ ബ്‌ളൂം''സംഭവിച്ച ശേഷമാണു സാധാരണ ഇത്തരം മലിനീകരണം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആല്‍ഗകളുടെ സാന്ദ്രത കുറഞ്ഞിരിക്കുമ്പോഴും ടോക്‌സിസിറ്റി സംഭവിക്കാം. മാത്രമല്ല, ഒരേ സ്ഥലത്തുനിന്നു പിടിച്ച മീനുകളില്‍ പോലും വിഷാംശത്തിന്റെ തോത് വ്യത്യസ്തമാകാം. പവിഴപ്പുറ്റ് മേഖലകളില്‍നിന്നുള്ള വലിയ മീനുകളിലും, ആല്‍ഗല്‍ ബ്‌ളൂം സാധ്യതാ മേഖലകളിലെ മീനുകളിലും ഇടയ്ക്കിടെ പരിശോധന വേണമെന്നും പഠനത്തില്‍ പറയുന്നു.
ഷെല്‍ ഫിഷിലെ വിഷാംശം ഒഴിവാക്കാന്‍ ചിപ്പി, കക്ക ഇനങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന ഉചിതമാകും. സിഫ്ടിലെ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് ഡിവിഷനാണു മത്സ്യത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച ഗവേഷണ പഠനങ്ങള്‍ നടത്തിയത്.
മുന്‍കരുതലെടുക്കാം
* മത്സ്യം എവിടെനിന്നു വരുന്നു എന്ന കാര്യം അറിയാവുന്ന വില്‍പനക്കാരില്‍നിന്നു മാത്രം വാങ്ങുക.
* കടലില്‍ ആല്‍ഗകള്‍ പെരുകുന്ന സമയങ്ങളില്‍ മീന്‍മുട്ട, കരള്‍, വലിയ മത്സ്യങ്ങളുടെ തല, വാല്‍ ഭാഗങ്ങള്‍ ഒഴിവാക്കുന്നതാണു സുരക്ഷിതം.
* കടല്‍ വിഭവങ്ങള്‍ കഴിച്ച ശേഷം വായയ്ക്കു ചുറ്റും തരിപ്പ്, തലകറക്കം, തളര്‍ച്ച, ഛര്‍ദി തുടങ്ങി ശാരീരികബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
* അലര്‍ജി ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ചെമ്മീന്‍, ഞണ്ട്, കക്ക, മത്സ്യം എന്നിവ കഴിക്കുമ്പോള്‍ ദേഹത്തു ചുവന്ന പാടുകളോ ചൊറിച്ചിലോ ശ്വസന, ദഹന സംബന്ധമായ ബുദ്ധിമുട്ടുകളോ അലര്‍ജിയുടെ ലക്ഷണമായി ഉണ്ടാകാം. ഇങ്ങനെ വന്നാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ബയോമാഗ്‌നിഫിക്കേഷന്‍
ചിലയിനം സൂക്ഷ്മ സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷാംശം ഭക്ഷ്യ ശൃംഖലയിലൂടെ ചെറുമീനുകള്‍ വഴി വന്‍മീനുകളിലേക്ക് എത്തുമ്പോള്‍ സാന്ദ്രതയേറുന്ന 'ബയോമാഗ്‌നിഫിക്കേഷന്‍' പ്രക്രിയയാണു മത്സ്യത്തില്‍ വിഷബാധയ്ക്കു കാരണം. കടലിലെ താപനില വ്യതിയാനവും ആല്‍ഗകളുടെ അമിതമായ വളര്‍ച്ചയും ഇത്തരം വിഷാംശം വര്‍ധിക്കാന്‍ കാരണമാകും.






