
കാഴ്ചയില്‍ ഭയപ്പെടുത്തുന്നവരാണെങ്കിലും വിഷമില്ലാത്ത പെരുമ്പാമ്പുകള്‍ ഭക്ഷണശീലത്തിന്റെ കാര്യത്തില്‍ ഏറെ പ്രത്യേകതയുള്ളവരാണ്. സ്വന്തം ശരീരഭാരത്തോളം തൂക്കമുള്ള ഇരയെ ഒറ്റയടിക്ക് വിഴുങ്ങാനും പിന്നീട് ആഴ്ചകളോളം ഭക്ഷണമില്ലാതെ കഴിയാനും ഇവയ്ക്ക് സാധിക്കും. പെരുമ്പാമ്പുകളുടെ ഈ അസാധാരണമായ മെറ്റബോളിസം അഥവാ ഉപാപചയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഒരു പുതിയ കാര്യംകൂടി തെളിഞ്ഞിരിക്കുകയാണ്. അമിതവണ്ണം കുറയ്ക്കാന്‍ പെടാപ്പാടു പെടുന്ന മനുഷ്യര്‍ക്കും പെരുമ്പാമ്പുകള്‍ ഉപകാരികളാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 'നേച്ചര്‍ മെറ്റബോളിസം' എന്ന ജേണലിലാണ് ഈ പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭക്ഷണം കഴിച്ചതിനുശേഷം പെരുമ്പാമ്പുകളുടെ രക്തത്തില്‍ ചില തന്മാത്രകള് അതിവേഗം വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ബര്‍മീസ് പെരുമ്പാമ്പുകളില്‍ നടത്തിയ പരീക്ഷണത്തില്‍, ദഹനസമയത്ത് ഇരുനൂറിലധികം തന്മാത്രകളുടെ അളവ് കൂടുന്നതായി തെളിഞ്ഞു. ഇതില്‍ Myristoylglycine എന്നറിയപ്പെടുന്ന ഒരു പ്രത്യേക തന്മാത്രയുടെ അളവ് ആയിരം മടങ്ങാണ് വര്‍ദ്ധിക്കുന്നത്. ദഹനനാളത്തിലെ ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന ഈ തന്മാത്ര മനുഷ്യരിലും ചെറിയ അളവില്‍ കാണപ്പെടുന്നുണ്ട് എന്നത് ഈ പഠനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതിനായി അമിതവണ്ണമുള്ള എലികളില്‍ pTOS തന്മാത്ര കുത്തിവെച്ച് പരീക്ഷണം നടത്തി. ഫലം അതിശയിപ്പിക്കുന്നതായിരുന്നു; വെറും 28 ദിവസത്തിനുള്ളില്‍ എലികള്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അവയുടെ ശരീരഭാരത്തില്‍ ഒന്‍പത് ശതമാനത്തോളം കുറവ് രേഖപ്പെടുത്തുകയും ചെയ്തു. വിശപ്പ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗമായ ഹൈപ്പോതലാമസിനെ നേരിട്ട് സ്വാധീനിച്ചാണ് ഈ തന്മാത്ര പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള പല വണ്ണം കുറയ്ക്കാനുള്ള മരുന്നുകളും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമ്പോള്‍, ഈ രീതി കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
എലികളിലെ പരീക്ഷണം വിജയകരമാണെങ്കിലും മനുഷ്യരില്‍ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ വിപുലമായ പഠനങ്ങള്‍ ആവശ്യമാണ്. പെരുമ്പാമ്പിന്റെ രക്തത്തിലെ ഈ തന്മാത്രയെ അടിസ്ഥാനമാക്കി പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതി വികസിപ്പിച്ചെടുക്കാനായാല്‍ അത് വൈദ്യശാസ്ത്ര രംഗത്ത് വലിയൊരു നാഴികക്കല്ലാകും. അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പുതിയൊരു പ്രത്യാശയാണ് ഈ ഗവേഷണം നല്‍കുന്നത്.






