
ലണ്ടൻ: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഇന്ത്യൻ വംശജൻ യുകെയിൽ നാടുകടത്തൽ ഭീഷണിയിൽ. അപകടം നടന്ന് ഒരു വർഷത്തിനു ശേഷം ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തിനിടെയാണ് ഈ ദുരവസ്ഥ. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് മിയ സേത്വാല (28) ആണ് യുകെയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത്.
മുഹമ്മദ്‌മിയ സേത്വാലയ്ക്ക് ഏപ്രിൽ 9-നാണ് യുകെ ഹോം ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. മാനുഷിക പരിഗണന നൽകി രാജ്യത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ അധികൃതർ നിരസിച്ചു. ഏപ്രിൽ 22 വരെ ഇമിഗ്രേഷൻ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തോട് അതിനുശേഷം രാജ്യം വിടാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
2026 ഏപ്രിൽ 12-ന് ആണ് സേത്വാലയുടെ ഭാര്യയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും ജീവൻ കവർന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടം നടന്നത്. അന്താരാഷ്ട്ര ബിസിനസ് മാനേജ്‌മെന്റ് പഠിച്ചിരുന്ന ഭാര്യ സാദിഖയുടെ ഡിപെൻഡന്റ് വിസയിലാണ് 2022-ൽ സേത്വാല യുകെയിലേക്ക് എത്തിയത്. ഇവർ റഗ്ബിയിൽ താമസമാക്കുകയും സാദിഖയ്ക്ക് ജോലി ലഭിക്കുകയും ചെയ്തു. ജോലി പെർമിറ്റ് ലഭിക്കുന്നതോടെ ബ്രിട്ടനിൽ സ്ഥിരതാമസമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആ കുടുംബം.
എന്നാൽ 2025 ജൂൺ 12-ന് അഹമ്മദാബാദ്–ലണ്ടൻ വിമാനം പറന്നുയർന്ന ഉടനെ തകർന്നുണ്ടായ അപകടത്തിൽ സാദിഖയും കുഞ്ഞ് ഫാത്തിമയും കൊല്ലപ്പെട്ടതോടെ ആ സ്വപ്നങ്ങളെല്ലാം തകർന്നു.“എനിക്ക് ഇനി ഒന്നുമില്ല”, അപകടം നടന്ന ദിവസം കുടുംബത്തെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ വേണ്ടി താൻ രാവിലത്തെ ഷിഫ്റ്റ് ജോലി ചെയ്തു. അപകടവാർത്ത അറിഞ്ഞപ്പോൾ അത് മറ്റേതെങ്കിലും വിമാനമായിരിക്കുമെന്ന് കരുതി. പക്ഷേ അതവർ പുറപ്പെട്ടെ വിമാനം തന്നെയായിരുന്നു, സേത്വാല പറയുന്നു.
ഈ ദുരന്തം സേത്വാലയുടെ കുടുംബത്തെ മാത്രമല്ല, യുകെയിൽ തുടരാനുള്ള നിയമപരമായ അവകാശവും ഇല്ലാതാക്കി. വിസ കാലാവധി ഈ വർഷം ആദ്യം കഴിഞ്ഞു. എന്നാൽ് പുതിയ വിസയ്ക്കോ സ്പോൺസർഷിപ്പിനോ വേണ്ടിയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോകുന്ന സേത്വാല, ഇന്ത്യയിലേക്ക് മടങ്ങുന്നത് വൈകാരികമായി താങ്ങാനാവില്ലെന്ന് പറയുന്നു. “എനിക്ക് ഇനി അവിടെ ഒന്നുമില്ല... നാട്ടിലേക്ക് മടങ്ങിയാൽ എനിക്ക് ഈ ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. എന്നാൽ ഇവിടെ എനിക്ക് ജീവിതം പതുക്കെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും,” അദ്ദേഹം പറയുന്നു.
നിയമപോരാട്ടത്തിലൂടെ ഹോം ഓഫീസിന്റെ തീരുമാനത്തെ യുകെ കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സേത്വാലയുടെ അഭിഭാഷകർ. ഈ പോരാട്ടം വിജയിച്ചാൽ പുതിയ വിസയ്ക്കായി അപേക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കും.
അസാധാരണമായ മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ച് ഇളവ് നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ വാദിക്കുന്നുണ്ടെങ്കിലും, നിലവിലുള്ള ഇമിഗ്രേഷൻ നിയമങ്ങൾക്കനുസരിച്ചാണ് അപേക്ഷകൾ പരിശോധിക്കുന്നതെന്നാണ് ഹോം ഓഫീസിന്റെ നിലപാട്.






