
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 14 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടിരിക്കുകയാണ്.
നിലവിൽ മൂന്ന് പേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ സ്വദേശി, സുവിൻ (40) തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി, വിഷ്ണു, വിജീഷ് എന്നിവരാണ് മരിച്ചത്. സ്ഫോടന സ്ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി. നാളെ രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും.
മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ച പതിനാല് പേരുടെ മൃതദേഹങ്ങൾ ഇതിനകം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ ഏഴ് മൃതദേഹങ്ങൾ മാത്രമാണ് ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയിലുള്ളത്. തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കിയാലുടൻ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മറ്റുള്ളവരെ തിരിച്ചറിയാൻ ബന്ധുക്കൾ എത്തേണ്ടതുണ്ട്. തിരിച്ചറിയാൻ കഴിയാത്തവരുടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ ഇൻക്വസ്റ്റ് അടക്കമുള്ള പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കാൻ കഴിയൂ.
ഫൊറൻസിക് മേധാവി ഡോ. ടി.എസ്. ഹിതേഷ്ശങ്കറിന്റെ നേതൃത്വത്തിൽ വലിയ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാത്രിയിൽ മൃതദേഹങ്ങൾ എത്തിയാൽ സ്വീകരിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളുമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ റൂറൽ എസ്പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അമ്പതോളം പോലീസുകാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സ്‌ഫോടനത്തിൽ പരിക്കേറ്റ 13 പേരുടെ വിവരങ്ങൾ ലഭിച്ചു. മുണ്ടത്തിക്കോട് സ്വദേശികളായ ബാബു (57), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യ കുമാർ (48), രജീഷ് (40), വിഷ്ണു (30), പ്രവീൺ (45)- വെന്റിലേറ്റർ, ബേൺസ് ഐസിയു), ബാബു (56)- ബേൺസ് ഐസിയു), സതീഷ് (ബേൺസ് ഐസിയു), വേലൂർ സ്വദേശി സാജൻ (38) -എലൈറ്റ് ഹോസ്പിറ്റൽ), ഹരി (40) -ബേൺസ് ഐസിയു), ഭവാനി (65), സുന്ദരൻ (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കുപറ്റിയത്.
അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു.
തൃശൂര്‍ പൂരം ഒരുക്കത്തിനിടെയാണ് മുണ്ടത്തിക്കോട് വന്‍ ദുരന്തമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേരാണ് മരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. രണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ച് വെടിക്കെട്ട് പുരകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌ഫോടനം ഉണ്ടായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും , തീയണയ്ക്കാന്‍ ആയിട്ടില്ല. ചികിത്സാസഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.






