
ഗസയിലെ തകര്‍ന്നടിഞ്ഞ മണ്ണില്‍ തന്റെ കുഞ്ഞിനായുള്ള മുഹമ്മദ് ലുബ്ബാദ് എന്ന പിതാവിന്റെ പോരാട്ടം ലോകത്തിന്റെ കണ്ണുനനയിക്കുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട ഈ പിതാവ്, തനിക്ക് ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്ന തന്റെ മകനെ കണ്ടെത്താനായി രണ്ട് വര്‍ഷത്തോടടുക്കുന്ന കാലമായി അലയുകയാണ്. ഗാസയിലെ യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നിട്ടും തന്റെ ചോരയെ തേടിയുള്ള മുഹമ്മദ് ലുബ്ബാദിന്റെ കാത്തിരിപ്പ് ഒരൊറ്റ പ്രതീക്ഷയുടെ നൂലിഴയിലാണ് തൂങ്ങിനില്ക്കുന്നത്.
2023 ഒക്ടോബറില്‍ നടന്ന വ്യോമാക്രമണത്തിലാണ് ലുബ്ബാദിന്റെ ജീവിതം തകര്‍ന്നത്. മാതാവും സഹോദരനും ഒരു മകളും അന്ന് കൊല്ലപ്പെട്ടു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ അമലിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. എന്നാല്‍ മരണത്തിന് തൊട്ടുമുന്‍പ് അമല്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും ആ കുഞ്ഞ് സുരക്ഷിതനാണെന്നും ആശുപത്രി അധികൃതര്‍ ലുബ്ബാദിനെ അറിയിച്ചിരുന്നു. യുദ്ധം രൂക്ഷമായതോടെ ഗാസയിലെ ആശുപത്രികളില്‍ നിന്ന് ചികിത്സയ്ക്കായി ഈജിപ്തിലേക്ക് മാറ്റിയ കുട്ടികളുടെ കൂട്ടത്തില്‍ തന്റെ മകനുമുണ്ടാകുമെന്നാണ് ഇദ്ദേഹം കരുതുന്നത്.
നീണ്ട കാത്തിരിപ്പിന് ശേഷം ഈജിപ്തില്‍ നിന്ന് തിരിച്ചെത്തിയ കുട്ടികളില്‍ ഒരാള്‍ തന്റെ മകനാണെന്ന് ലുബ്ബാദ് ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ മറ്റൊരു കുടുംബവും ഇതേ കുട്ടിക്കായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. യുദ്ധസാഹചര്യത്തില്‍ ആശുപത്രിയിലെ ജനനരേഖകള്‍ ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടതാണ് മകനെ തിരിച്ചറിയുന്നതിന് തടസ്സമാകുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ഈ കുഞ്ഞ് ആരുടേതാണെന്ന് ഇനി ഉറപ്പിക്കാന്‍ സാധിക്കൂ.
എന്നാല്‍ ഗാസയിലെ ലാബുകളെല്ലാം തകര്‍ക്കപ്പെട്ടതിനാല്‍ പരിശോധന നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് അദ്ദേഹം. ഡിഎന്‍എ പരിശോധനയ്ക്കായി അന്താരാഷ്ട്ര ഏജന്‍സികള്‍ ഇടപെടണമെന്നാണ് ലുബ്ബാദിന്റെ ഇപ്പോഴത്തെ ഏക ആവശ്യം. മകനാണോ അല്ലയോ എന്ന് ഉറപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥ തന്നെ മാനസികമായി തകര്‍ക്കുന്നുവെന്നും സത്യമറിയാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു. നിലവില്‍ നാല് വയസുകാരിയായ മകള്‍ ജാന മാത്രമാണ് ലുബ്ബാദിന് കൂട്ടിനുള്ളത്.
