
പട്ന: രാഷ്ട്രീയക്കാരിൽ 70-80 ശതമാനവും അശ്ലീല വീഡിയോ കാണുന്നവരാണെന്ന് ബീഹാർ എംപി പപ്പു യാദവ്. പുരുഷ നേതാക്കളുടെ മുറിയിൽ കയറാതെ ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമാവുകയും സംസ്ഥാന വനിതാ കമ്മീഷൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമാണ് വീണ്ടും വിവാദമായിരിക്കുന്നത്.
നമ്മുടെ 70-80 ശതമാനം രാഷ്ട്രീയക്കാരും അശ്ലീല ക്ളിപ്പിംഗുകൾ കാണുന്നവരാണെന്നും അവരുടെ ഫോണുകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ വച്ചുപോലും താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഇത്രയധികം രാഷ്ട്രീയക്കാരും അശ്ലീലം കാണുന്നവരാണ്. അതിനാൽ എല്ലാവരെയും പരിശോധിക്കൂ. എന്റെ ഫോണിൽ ഇക്കാര്യം ഉണ്ടെങ്കിൽ എന്നെയും പരിശോധിക്കൂ എന്ന് പറഞ്ഞ പപ്പു യാദവ് വനിതാ കമ്മീഷൻ അംഗങ്ങളെയും നിശിതമായി വിമർശിച്ചു.
കമ്മീഷൻ തനിക്ക് നോട്ടീസ് അയയ്ക്കാൻ ആളല്ല എന്നും മുൻ മന്ത്രിമാർക്കൊപ്പമുള്ള ഇവരുടെ നിരവധി ചിത്രങ്ങളുണ്ട് എന്നും പപ്പു യാദവ് പറയുന്നുണ്ട്. ചില്ലു മേടയിൽ ഇരുന്ന് തന്നെ കല്ലെറിയരുത്. സ്ത്രീകളെ ചൂഷണം ചെയ്യാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് പുരുഷ രാഷ്ട്രീയക്കാരാണെന്ന് അദ്ദേഹം തന്റെ പ്രസ്താവനകളെ ന്യായീകരിച്ചു.
താൻ സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. രാഷ്ട്രീയക്കാർ സ്ത്രീകളെ ചൂഷണം ചെയ്യുന്നു. 755 പുരുഷ രാഷ്ട്രീയക്കാർക്കെതിരെ ലൈംഗിക ചൂഷണ കേസുകളുണ്ട്. 155 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവൻ കളങ്കിതമാണ്. ഞാൻ പുരുഷ രാഷ്ട്രീയക്കാരെ കുറിച്ച് സംസാരിക്കുമ്പോൾ എന്തിനാണ് വനിതാ കമ്മീഷൻ വിഷമിക്കുന്നത്? രാഷ്ട്രീയക്കാർ സ്ത്രീകളെ ചൂഷണം ചെയ്യുകയും പിന്നീട് വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു എന്നും പപ്പു യാദവ് പറഞ്ഞു.
