
വല്‍സാദ്: പാമ്പുകടിയേറ്റ് മരണമടയുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ പാമ്പുകളില്‍ നിന്ന് മാത്രം ശേഖരിച്ച വിഷം ഉപയോഗിച്ച് പ്രത്യേക ആന്റി-വെനം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്തെ പാമ്പുകളുടെ വിഷം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രതിരോധ വാക്‌സിന്‍ ചികിത്സാ ഫലം വര്‍ദ്ധിപ്പിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.
വല്‍സാദ് ജില്ലയിലെ ധര്‍മ്മപൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച സ്‌നേക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പാമ്പുകളില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുക്കുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അത് പൊടിയാക്കി മാറ്റുകയും ചെയ്യുന്നു. ഈ വിഷപ്പൊടി ലൈസന്‍സുള്ള മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ലേലം ചെയ്യും.
അവര്‍ നിര്‍മ്മിക്കുന്ന ആന്റി-വെനം സര്‍ക്കാര്‍ വാങ്ങി ഗുജറാത്തിലെ ആശുപത്രികളില്‍ ലഭ്യമാക്കും. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വിഷത്തിന് ഉയര്‍ന്ന ഗുണമേന്മയുള്ളതിനാല്‍ ലേലത്തില്‍ വലിയ വിലയാണ് ലഭിക്കുന്നത്. മൂര്‍ഖന്റെ വിഷത്തിന് ഗ്രാമിന് 40,000 രൂപ അടിസ്ഥാന വില നിശ്ചയിച്ചെങ്കിലും 44,000 രൂപ ലഭിച്ചു. അണലിയുടേതിന് ഗ്രാമിന് 50,000 രൂപയ്ക്ക് പകരം 56,500 രൂപ ലഭിച്ചു.
പാമ്പ് വിഷത്തിന്റെ തീവ്രത ഓരോ പ്രദേശത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്ന് സ്‌നേക്ക് റിസര്‍ച്ച് സെന്റര്‍ വൈസ് ചെയര്‍മാനും സര്‍ജനുമായ ഡി.സി. പട്ടേല്‍ ചൂണ്ടിക്കാട്ടി. ദൂരപ്രദേശങ്ങളിലെ പാമ്പുകളുടെ വിഷം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആന്റി-വെനം ചിലപ്പോള്‍ ഗുജറാത്തിലെ പാമ്പുകള്‍ക്കെതിരെ അത്ര ഫലപ്രദമാകില്ല. അതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന വിഷം ഉപയോഗിച്ചുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. വല്‍സാദില്‍ 2.25 ഹെക്ടര്‍ ഭൂമിയില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനായി സ്ഥിരം കാമ്പസും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി 11.68 കോടി രൂപയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു.
നിലവില്‍ തമിഴ്‌നാട്ടിലെ ഇരുള സ്‌നേക്ക് ക്യാച്ചേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റി മാത്രമാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ വിഷം വേര്‍തിരിച്ചെടുക്കുന്നത്. ഈ രംഗത്തെ രാജ്യത്തെ രണ്ടാമത്തെ സ്ഥാപനമായി ധര്‍മ്മപൂരിലെ കേന്ദ്രം മാറി. 2030-ഓടെ പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ പകുതിയായി കുറയ്ക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ 'നാഷണല്‍ ആക്ഷന്‍ പ്ലാന്‍' പദ്ധതിയുടെ ഭാഗമായാണ് ഗുജറാത്തിന്റെ ഈ നീക്കം. ഇതിനോടകം 300-ഓളം പാമ്പ് പിടുത്തക്കാര്‍ക്കും 1,495 ഡോക്ടര്‍മാര്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു.






