
റിയാദ്: ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ രണ്ട് മാസത്തില്‍ താഴെ മാത്രം സമയം ബാക്കിനില്‍ക്കെ, ഗ്രീക്ക് മുന്‍ താരം ജോര്‍ജിയോസ് ഡോണിസിനെ സൗദി അറേബ്യ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ചു. നിലവിലെ പരിശീലകന് ഹെര്‍വ് റെനാര്ഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഡോണിസ് ചുമതലയേല്‍ക്കുമെന്ന് സൗദി ഫുട്ബോള്‍ ഫെഡറേഷന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2027 ജൂലൈ വരെയാണ് ഡോണിസിന്റെ കരാര്‍. ഖത്തര്‍ 2022 ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീനയെ ഉദ്ഘാടന മത്സരത്തില്‍ 2-1 ന് അട്ടിമറിച്ചതിലൂടെ ആഗോള ശ്രദ്ധ നേടിയ പരിശീലകനാണ് ഫ്രഞ്ചുകാരനായ റെനാര്‍ഡ്. 2019 മുതല്‍ 2023 വരെയുള്ള ആദ്യ ഘട്ടത്തിന് ശേഷം 2024 അവസാനത്തോടെയാണ് അദ്ദേഹം വീണ്ടും സൗദി ടീമിന്റെ പരിശീലകനായി തിരിച്ചെത്തിയത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ റെനാര്‍ഡിന് കീഴിലായിരുന്ന സൗദി ടീമിന്റെ പ്രകടനം കഴിഞ്ഞ ആറ് മാസത്തിനിടെ മങ്ങിയിരുന്നു. ഫിഫ അറബ് കപ്പിന്റെ ഫൈനലില്‍ എത്താന്‍ ടീമിന് സാധിക്കാത്തതും, മാര്‍ച്ചില്‍ ഈജിപ്തിനോട് വഴങ്ങിയ 4-0 ന്റെ കനത്ത തോല്‍വിയും സെര്‍ബിയക്കെതിരായ 2-1 ന്റെ പരാജയവും റെനാര്‍ഡിന്റെ സ്ഥാനചലനത്തിന് കാരണമായി.
സൗദി ഫുട്ബോളില്‍ പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന 56-കാരനായ ഡോണിസിലാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍. സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഖലീജിന്റെ പരിശീലകനായിരുന്ന അദ്ദേഹം അല്‍ ഹിലാല്‍, അല്‍ ഫത്തേ, അല്‍ വെഹ്ദ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. സൗദി ലീഗിലെ കളിക്കാരെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഈ ജര്‍മ്മന്‍ വംശജന്റെ കീഴില്‍ സൗദി കളിക്കുന്ന ആദ്യ മത്സരം മെയ് 30-ന് ന്യൂജേഴ്സിയില്‍ ഇക്വഡോറിനെതിരെയാണ്.





