
ബിഗ്സ്ക്രീന്‍ -മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ കോമഡി വേഷങ്ങള്‍ ചെയ്താണ് മഞ്ജു പിള്ളയെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടിട്ടുള്ളത്. എന്നാല്‍ അടുത്തകാലത്തായി ക്യാരക്ടർ റോളുകളിലൂടെ താരം പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിക്കുന്നുണ്ട്. മഞ്ജു പിള്ളയിലൂടെ പ്രേക്ഷകര്‍ ഏറ്റവും കേട്ടറിഞ്ഞിട്ടുള്ള പേരാണ് ദയ സുജിത്തിന്റേത്.
മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകളാണ് ദയ സുജിത്ത്. അമ്മയ്ക്കൊപ്പം എല്ലാത്തിനും കരുത്തും പിന്തുണയുമായി എന്നും ദയയെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. 24 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് മഞ്ജുവും സുജിത്തും വേര്‍പിരിഞ്ഞെങ്കിലും ഇന്നും അവര്‍ക്ക് നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നത് ദയ കാരണമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമ്മയും മകളുമാണിവര്.
ഇപ്പോഴിതാ മഞ്ജു പിള്ളയുടെ പിറന്നാള്‍ സര്‍പ്രൈസാക്കി ആഘോഷിക്കുന്ന വീഡിയോ പങ്കിടുകയാണ് ദയ സുജിത്. മെയ് പത്തിനാണ് മഞ്ജു പിള്ളയുടെ പിറന്നാളാണെങ്കിലും ആ ദിവസം അമ്മയ്ക്കൊപ്പം ചിലവഴിക്കാന്‍ ദയയ്ക്ക് കഴിയില്ല. അതുകൊണ്ടാണ് അമ്മയ്ക്കു വേണ്ടി മകള്‍ അഡ്വാൻസ്ഡായി ഒരു ബെർത്ത്ഡേ സെലിബ്രേഷൻ നടത്തിയത്. മഞ്ജു പിള്ളയുടെ സുഹൃത്ത് ലക്ഷ്മിയും ഭർത്താവ് മനീഷുമാണ് ദയയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ ഉണ്ടായിരുന്നത്. റെസ്റ്റോറന്റിൽ വെച്ച് ഒരു പിസ്താഷ്യു കേക്ക് കട്ട് ചെയ്തുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം.
‘‘ഞാൻ തിരുവനന്തപുരത്താണുള്ളത്. അടുത്ത മാസം അമ്മയുടെ പിറന്നാളാണ്. പക്ഷെ ഞാൻ നാട്ടിലില്ല. അതുകൊണ്ട് ഇന്ന് എന്റെ ലൈഫിലെ ഏറ്റവും ഇംപോർട്ടന്റായ രണ്ട് വ്യക്തികളുടെ സാന്നിധ്യത്തിൽ അമ്മയുടെ പിറന്നാൾ ആഘോഷിക്കാം, കേക്ക് കട്ട് ചെയ്യാമെന്ന് കരുതി.
എന്റെ അമ്മയ്ക്ക് അറുപത്തിമൂന്ന് വയസായി. ഷഷ്ടിപൂർത്തി ആഘോഷിക്കാൻ പറ്റിയില്ല. എന്റെ സ്വന്തം കാശ് കൂട്ടിവെച്ച് അമ്മയ്ക്കൊരു ബ്രാന്റഡ് ലിപ്സ്റ്റിക്കാണ് ഞാൻ വാങ്ങിയത്. അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ലിപ്സ്റ്റിക്കാണ്. യുട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ കാശ് സേവ് ചെയ്ത് വെച്ചാണ് ലിപ്സ്റ്റിക്ക് വാങ്ങിയത്...’’ ദയ പറഞ്ഞു. അമ്മ മഞ്ജുവിന് ലിപ്സ്റ്റിക്ക് കൈമാറിയ ശേഷം ദയ പറഞ്ഞു.
മകൾ സെറ്റ് ചെയ്ത പിറന്നാൾ ആഘോഷവും ഗിഫ്റ്റും കണ്ടതോടെ മഞ്ജുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ‘‘ഇന്ന് അല്ലെങ്കിൽ നാളെ എന്റെ മകൾ മിടുക്കിയാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അടുത്ത മാസമാണ് എന്റെ പിറന്നാൾ. പക്ഷെ പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു ആഘോഷം നടന്നപ്പോൾ സന്തോഷം തോന്നി. ഒക്ടോബർ 23ന് ജാനിക്ക് ജന്മം നൽകിയശേഷം അവളെ എന്റെ കയ്യിൽ കിട്ടിയപ്പോൾ എനിക്കൊരു ഫീലുണ്ടായിരുന്നു. അതിപ്പോൾ വീണ്ടും കിട്ടി...’’ മഞ്ജു പറഞ്ഞു.
വൈഎസ്എല്ലിന്റെ ലിപ്സ്റ്റിക്കായതുകൊണ്ടാണ് അമ്മയ്ക്ക് ആ ഫീൽ വന്നത്. ലാക്മെയുടെ വല്ല ലിപ്സ്റ്റിക്കും ആയിരുന്നുവെങ്കിൽ അമ്മയ്ക്ക് ഈ ഫീൽ വരില്ലായിരുന്നു എന്നായിരുന്നു അതിനുള്ള ദയയുടെ കൗണ്ടർ. ‘‘നീ ഒരു തുവാലയാണ് ഗിഫ്റ്റ് ചെയ്യുന്നതെങ്കിൽ പോലും എനിക്ക് ഈ ഫീൽ വരും...’’ എന്നായിരുന്നു അതിനു മറുപടിയായി മഞ്ജു പിള്ള പറഞ്ഞത്.
‘‘വ്ലോഗ് എടുക്കണം എന്നതുകൊണ്ടാണമ്മേ ഞാൻ വൈഎസ്എല്ലിന്റെ ലിപ്സ്റ്റിക്ക് തന്നെ വാങ്ങിയത്. അമ്മ അത് മനസിലാക്കൂ...’’ എന്നും ദയ പറയുന്നത് വീഡിയോയില്‍ കേൾക്കാം. ‘‘എന്നിരുന്നാലും ഞാൻ ഇമോഷണലാണ്. അതിനാൽ വ്ലോഗ് അവസാനിപ്പിക്കാൻ ബൈ ഒന്നും പറയാൻ കഴിയുന്നില്ല ഈ നിമിഷത്തിൽ. ലവ് യൂ ജാനി....’’ മഞ്ജു പറഞ്ഞു.
‘‘അങ്ങനെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. അമ്മ എനിക്ക് ഈ വർഷം പിറന്നാളിന് നല്ല ഗിഫ്റ്റ് തരുമോ? എന്നും ദയ ചോദിക്കുന്നുണ്ടായിരുന്നു. നിനക്ക് ഏത് പിറന്നാളിനാണ് ഞാൻ നല്ല ഗിഫ്റ്റ് തരാത്തത്?...’’ എന്നും മഞ്ജു പിള്ള ചോദിച്ചു. ‘‘അമ്മയിൽ നിന്നും വലിയ വലിയ പിറന്നാൾ സമ്മാനങ്ങൾ ഈ വർഷവും ഞാൻ പ്രതീക്ഷിക്കുന്നു...’’ എന്നും ദയ മറുപടി പറഞ്ഞു. അമ്മയുടെയും മകളുടെയും സ്നേഹവും സര്‍പ്രൈസ് പിറന്നാള്‍ ആഘോഷവും ഏറ്റെടുക്കുകയാണ് ആരാധകര്‍.
വ്ലോഗിന് ഇടയിൽ അമ്മയ്ക്ക് അറുപത്തിമൂന്ന് വയസാകാൻ പോകുന്നുവെന്ന് ദയ പറയുന്നത് കേൾക്കുന്നുണ്ട്. വീഡിയോ ഏറ്റെടുക്കുമ്പോഴും മഞ്ജു പിള്ളയ്ക്ക് അറുപത്തിമൂന്ന് വയസുണ്ടോയെന്ന സംശയവും പ്രേക്ഷകര്‍ വീഡിയോയ്ക്ക് താഴെ കുറിക്കുന്നുണ്ട്.






