
ലൈവ് പെര്‍ഫോമന്‍സിനിടെ അപ്രതീക്ഷിതമായുണ്ടാകുന്ന തടസ്സങ്ങളെ എങ്ങനെ നേരിടുന്നു എന്നതിലാണ് ഒരു കലാകാരിയുടെ മികവ് ഇരിക്കുന്നത്. അത്തരത്തില്‍ വേദിയില്‍ വസ്ത്രം അഴിഞ്ഞിട്ടും ഒട്ടും പതറാതെ നൃത്തം പൂര്‍ത്തിയാക്കിയ ഒരു ഭരതനാട്യം നര്‍ത്തകിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ്നാട്ടിലെ ജയലക്ഷ്മി നാരായണന് സ്കൂള്‍ ഓഫ് ഡാന്‍സ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
മനോഹരമായ ഭരതനാട്യം വേഷമണിഞ്ഞ് നൃത്തം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി നര്‍ത്തകിയുടെ സാരി അയഞ്ഞുതുടങ്ങുകയായിരുന്നു. വസ്ത്രം ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും അത് സാധിക്കാതെ വന്നതോടെ, നൃത്തത്തിന്റെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ പെട്ടെന്ന് തന്നെ തീരുമാനമെടുത്തു. ഒരു കൈകൊണ്ട് സാരി ചേര്‍ത്തുപിടിച്ചുകൊണ്ട്, മുഖത്തെ ഭാവങ്ങളോ ചുവടുകളോ തെറ്റിക്കാതെ അതീവ ആത്മവിശ്വാസത്തോടെ അവര്‍ തന്റെ പ്രകടനം പൂര്‍ത്തിയാക്കി.
'ഒരു ലൈവ് ഷോയില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നര്‍ത്തകിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പ്രതിസന്ധിയെ അതിമനോഹരമായി കൈകാര്യം ചെയ്ത നര്‍ത്തകിയുടെ മനോധൈര്യത്തെയും നൃത്തത്തോടുള്ള അവരുടെ അര്‍പ്പണബോധത്തെയും നെറ്റിസണ്‍സ് അഭിനന്ദിച്ചു. നൃത്തം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു പ്രതിഭയ്ക്ക് മാത്രമേ ഇത്രയും ശാന്തമായി ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ കഴിയൂ എന്നാണ് പലരും കമന്റ് ചെയ്തത്.






