
സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ‘വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്ന സിനിമ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ജനപ്രീതി നേടിയ വാഴയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു വാഴ 2. സവിൻ സാ ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രമേയം സാഹോദര്യ ബന്ധത്തെക്കുറിച്ചാണ്.
ഇൻസ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻസിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അണിനിരന്നത്. മലയാളത്തില്‍ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ ഈ സിനിമ ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടി റെക്കോർഡിട്ടു, ഇപ്പോള്‍ ആഗോള തലത്തില്‍ 210 കോടി നേടി മുന്നേറുകയാണ്. സിനിമയുടെ തെലുങ്ക് പതിപ്പും ഇന്ന് റിലീസായി.
ഈ സിനിമയിലെ ഓരോപാട്ടുകളും ഇന്‍സ്റ്റഗ്രാം റീലുകളിലും ഹിറ്റ് ചാര്‍ട്ടുകളിലും ഇടം പിടിച്ചു. ഇതില്‍ ജനപ്രിയമായി മാറിയത് ‘തൂക്കി ചുവന്ന കരങ്ങളോടെ...’ എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടൻ ശബരീഷാണ് ഈ പാട്ടിന്റെ വരികള്‍ രചിച്ചത്.
ഇപ്പോഴിതാ ഈ ഗാനം പലരും തെറ്റായ വരികളുപയോഗിച്ചാണ് പാടുന്നതെന്ന് പറയുകയാണ് ശബരീഷ് വർമ്മ. പാട്ടിന്റെ കൃത്യമായ വരികളും അവയുടെ അർത്ഥവും വ്യക്തമല്ലാത്തവർക്കായി അതെല്ലാം പറഞ്ഞു കൊടുത്ത് ശബരീഷ് ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരണം നല്‍കുന്നുണ്ട്.
‘‘വാഴ ഭീകര വിജയമായി എല്ലാവർക്കും അഭിനന്ദനങ്ങള്‍. പാട്ട് എല്ലാവരും ഏറ്റെടുത്തു. ഒരുപാട് സന്തോഷമുണ്ട്. മെസേജ് അയച്ചവർക്കും വിളിച്ചവർക്കും പാടി കേള്‍പ്പിച്ചവർക്കും ടാഗ് ചെയ്തവർക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. പാടിയ മാളവികയ്ക്കും, വരികളുടെ ആത്മാവ് മനസിലാക്കി പാടിയതിന് ഉഗ്രൻ കോമ്പോസിഷൻ എനിക്ക് തന്നതിനും മ്യൂസിക് ഡയറക്ടർ ആർക്കേഡോയ്ക്കും പ്രത്യേകനന്ദി. അംഗിതിനും നന്ദി, എല്ലാം കോഡിനേറ്റ് ചെയ്ത് പുതിയൊരു പരീക്ഷണം നടത്തിയതിന്. പത്ത് മ്യൂസിക് ഡയറക്ടർമാരെ വച്ച് ചെയ്യുക എന്നത് നിസാര കാര്യമല്ല. കപ്പിത്താൻ വിപിൻ ദാസിനും സംവിധായകനും ഉള്‍പ്പെടെ മുഴുവൻ വാഴ ടീമിനും അഭിനന്ദനങ്ങള്‍.
പിന്നെ എനിക്ക് പറയാനുള്ളത് മലയാളം അറിഞ്ഞുകൂടാത്ത മണ്ടന്മാർക്കും മണ്ടികള്‍ക്കും വേണ്ടിയാണ്. തൂക്കി ചുവന്ന കരങ്ങളോടെ (caught red handed) പതിനഞ്ചാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ ഉള്ള ഒരു സ്കോട്ടിഷ് പഴഞ്ചൊല്ലാണ് . അതായത് ഒരു കൊലപാതകം ചെയ്ത് കൈയില്‍ ചോരയോടുകൂടി പിടിക്കപ്പെട്ടു എന്ന അർഥത്തിലാണ് ഇത് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് അത് ഉപയോഗിക്കുന്നത്, എന്തോ ഒരു തെറ്റ് ചെയ്തതിന് പിടിക്കപ്പെട്ടു എന്ന അർഥത്തിലാണ്.
പടം കണ്ടവർക്ക് ഞാൻ പറയുന്നത് എന്താണെന്ന് മനസിലാവും. വരികള്‍ ശ്രദ്ധിക്കുക. തൂക്കി എന്നാണ്. തൂകി എന്നല്ല. കുറേപ്പേർ മെസേജ് അയച്ച് ചോദിക്കുന്നുണ്ട് തൂകി എന്നണോ തൂക്കി എന്നണോ എന്ന്. കമന്റുകളും കണ്ടു. ഇനിയാരെങ്കിലും സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ അവർക്ക് ഈ റീല്‍ അയച്ചു കൊടുക്കുക. തൂകി, പൂക്കി, ഊക്കി എന്നൊന്നുമല്ല പാട്ടിലെ വാക്ക്. നന്ദി. അപ്പോള്‍ അടുത്ത സിനിമയില്‍ കാണാം, അടുത്ത പാട്ടില്‍ കാണാം...’’ എന്നാണ് ശബരീഷ് വർമ പറയുന്നത്. ഒപ്പം മലയാളം, ഇംഗ്ലീഷ്, തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഇതെങ്ങനെയാണ് എഴുതുന്നതെന്നും ശബരീഷ് കുറിച്ചിട്ടുണ്ട്. ഈ വീഡിയോയ്ക്ക് മിശ്രിത കമന്റുകളാണ് വരുന്നത്. ചിലര്‍ ഇതിനെ പിന്തുണച്ചാണ് പറയുന്നതെങ്കില്‍ മറ്റു ചിലര്‍ പ്രതികൂല കമന്റുകളും കുറിക്കുന്നുണ്ട്.






