
കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സൈബര്‍ പോര് കടുക്കുന്നതിനിടെ മടുത്ത് ഹൈബി ഈഡന് കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയുന്നു.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ സൈബര്‍ പോരില്‍ ഡി.ജി.പിക്ക് പരാതി നല്കി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വിമല ബിനു രംഗത്ത് വന്നതിന് പിന്നാലെയാണ്, സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന് കെ.പി.സി.സി. പ്രസിഡന്റിനു കത്തു നല്‍കിയത്. എന്നാല്‍, സ്ഥാനമൊഴിയലും നിലവിലെ വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് ഹൈബി ഈഡന് പറയുന്നത്.
ഹൈബിയുടെ കത്തില്‍ കെ. പി. സി. സി. അന്തിമ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രി കസേര തര്‍ക്കത്തില്‍ തന്റെ പേരില്‍ വ്യാജസ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്നും പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്നും വിമല പരാതിയില്‍ പറയുന്നു. എറണാകുളത്തെ വി. ഡി. സതീശന് ഗ്രൂപ്പിലെ പ്രധാനിയാണ് വിമല. കെ. സി. വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ക്കെതിരേ സൈബര്‍ ആക്രമണത്തിന് വിമല ആഹ്വാനം ചെയ്തെന്ന തരത്തില്‍ ചില സ്ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ വിമല പരാതി നല്‍കിയിരിക്കുന്നത്.







Comments