
വിശന്നപ്പോള്‍ കാട്ടില്‍ ഭക്ഷണം തിരയുന്നതിന് പകരം നേരെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറിച്ചെന്ന ഒരു കാട്ടാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തായ്ലന്ഡിലെ പ്രശസ്തനായ 'പ്ലായ് ബിയാങ് ലെക്' എന്ന ആനയാണ് ഈ താരം. നമ്മുടെ അരിക്കൊമ്പനെപ്പോലെ നാട്ടുകാര്‍ക്ക് പരിചിതനായ ഇവന്, ഒരു കണ്‍വീനിയന്‍സ് സ്റ്റോറിനുള്ളില്‍ കയറി ശാന്തനായി ഭക്ഷണം തിരയുന്ന കാഴ്ച അതിശയകരമാണ്.
കടയുടെ ഉള്ളിലേക്ക് കയറുമ്പോള്‍ ആനയുടെ മുതുക് സീലിംഗില്‍ മുട്ടുന്നുണ്ടായിരുന്നെങ്കിലും, യാതൊരു പരിഭ്രമവുമില്ലാതെ ഒരു പതിവ് സന്ദര്‍ശകനെപ്പോലെയാണ് അവന് പെരുമാറിയത്. സ്റ്റോറിനുള്ളിലെ സാധനങ്ങള്‍ക്കിടയിലൂടെ നടന്ന് തനിക്ക് കഴിക്കാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച ശേഷം പ്ലായ് ബിയാങ് ലെക് സാവധാനം പുറത്തേക്ക് പോയി. ആന കരിമ്പിന് കാട്ടില്‍ കയറിയത് പോലെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി, വെറും 2,300 രൂപയുടെ നഷ്ടം മാത്രമാണ് കടയിലുണ്ടായത്.
യഥാര്‍ത്ഥത്തില്‍ 2025 ജൂണില്‍ നടന്ന ഈ സംഭവം, വീഡിയോ വീണ്ടും പ്രചരിച്ചതോടെയാണ് വീണ്ടും ചര്‍ച്ചയായത്. ആനയ്ക്ക് കടയിലെ സാധനങ്ങള്‍ എവിടെ ഇരിക്കുന്നു എന്ന് കൃത്യമായി അറിയാമെന്നും, ഇന്‍ഷുറന്‍സ് പോളിസിയില്‍ 'ജംബോ ആക്സിഡന്റ് ക്ലോസ്' ഉണ്ടോ എന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാല്‍ ആന പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ളവ കഴിക്കുന്നതിനെക്കുറിച്ച് ചിലര്‍ ആശങ്കയും പ്രകടിപ്പിച്ചു.
തമാശകള്‍ക്കപ്പുറം, ഈ വീഡിയോ ഗൗരവകരമായ ചില വശങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ആഗോളതാപനവും വനനശീകരണവും മൂലം വന്യജീവികള്‍ നേരിടുന്ന ഭക്ഷണക്ഷാമത്തെക്കുറിച്ചും വര്‍ദ്ധിച്ചു വരുന്ന മനുഷ്യവന്യജീവി സംഘര്‍ഷങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്കാണ് ഈ ദൃശ്യങ്ങള്‍ വഴിവെച്ചിരിക്കുന്നത്. വിശപ്പടക്കാന്‍ കാടിറങ്ങുന്ന മൃഗങ്ങളുടെ അവസ്ഥ ഗൗരവമായി കാണേണ്ടതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.
Imagine explaining this to your insurance pic.twitter.com/TK5cISPi8e
— Nature is Amazing ☘️ (@AMAZlNGNATURE) April 25, 2026






